
കുവൈത്ത്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈന, ഹോങ്കോങ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി. കേരളത്തിൽ നിന്ന് വരുന്നവരെയും കുവൈത്ത് വിമാനത്താവളത്തിൽ കർശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്.
ചൈന, ഹോങ്കോങ് എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് പുറമേ രണ്ടാഴ്ചക്കിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും കുവൈത്ത് സിവിലേവിയേഷൻ വിഭാഗം രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസിനെ ചെറുക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി. കൂടാതെ കുവൈത്തിലെ ജനങ്ങളുള്ള ആരോഗ്യ സുരക്ഷയും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിൽ ഇഖാമയുള്ള വരാണെങ്കിലും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ബോർഡിങ് പാസ് അനുവദിക്കരുതെന്ന് സിവിൽ ഏവിയേഷൻ വിഭാഗം കുവൈത്തിലേക്ക് സർവ്വീസ് നടത്തുന്ന വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി.
കൊറോണ വൈറസ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാരെ കുവൈത്ത് വിമാനത്താവളത്തിൽ നിരീക്ഷിക്കും. ഇതിനുള്ള സംവിധാനം വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. കുവൈത്തിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചുവെന്ന വാർത്ത അധികൃതർ നിഷേധിച്ചു. കൊറോണ വൈറസ് ബാധയുണ്ടന്ന സംശയത്തെ തുടർന്ന് ഒമ്പത് യാത്രക്കാരെ കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam