പ്രവാസി ഇന്ത്യക്കാരുടെ കാത്തിരിപ്പ് നീളുന്നതിനിടെ യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേക്കടക്കം പറന്നത് 312വിമാനങ്ങള്‍

By Web TeamFirst Published May 1, 2020, 3:21 PM IST
Highlights
  • വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചപ്പോള്‍ യുഎഇയില്‍ നിന്ന് വിദേശരാജ്യങ്ങള്‍ നടത്തിയത് 312 പ്രത്യേക സര്‍വ്വീസുകള്‍. 
  • ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്ന് എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്‌ലൈ ദുബായ് എന്നീ എയര്‍ലൈന്‍സുകള്‍ അറിയിച്ചിട്ടുണ്ട്. 

ദുബായ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണത്തില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചപ്പോള്‍ യുഎഇയില്‍ നിന്ന് വിദേശരാജ്യങ്ങള്‍ നടത്തിയത് 312 പ്രത്യേക സര്‍വ്വീസുകള്‍. പൗരന്മാരെ ഇന്ത്യയിലെത്തിക്കുന്നതിനോട് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുന്നതിനിടെയാണ് യുഎഇയില്‍ നിന്ന് പാകിസ്ഥാനടക്കമുള്ള വിദേശരാജ്യങ്ങള്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വ്വീസുകള്‍ നടത്തിയത്. 

54 എയര്‍ലൈന്‍ സ്ഥാപനങ്ങളാണ് സര്‍വ്വീസുകള്‍ നടത്തിയത്. ഇതിന് പുറമെ കാര്‍ഗോ സര്‍വ്വീസുകളും നടക്കുന്നുണ്ട്. മൃതദേഹങ്ങള്‍ സ്വന്തം നാട്ടിലെത്തിക്കുന്നത് ഈ വിമാനങ്ങളിലാണ്. പാകിസ്ഥാന്‍ ഇതുവരെ 2130 പേരെ സ്വന്തം രാജ്യത്തെത്തിച്ചു. 10 സര്‍വ്വീസുകളാണ് ഇതിനായി നടത്തിയത്. 40,000 പേരാണ് പാകിസ്ഥാനിലേക്ക് മടങ്ങാന്‍ എംബസിയില്‍ അപേക്ഷ നല്‍കിയത്. ഏകദേശം 15 ലക്ഷം പാകിസ്ഥാനികള്‍ യുഎഇയിലുണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്ന് എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്‌ലൈ ദുബായ് എന്നീ എയര്‍ലൈന്‍സുകള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി  മരിച്ചു. യുഎഇയിലെ റാസല്‍ഖൈമയില്‍ മലപ്പുറം മൂക്കുതല സ്വദേശി കേശവനും അബുദാബിയില്‍ പത്തനംതിട്ടഇടപെരിയാരം സ്വദേശി പ്രകാശ് ലക്ഷ്മണനുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. യുഎഇയില്‍ മാത്രം മരിച്ചമലയാളികളുടെ എണ്ണം 25ആയി. മരിച്ചവരിലേറെയും  കരള്‍, വൃക്ക ഹൃദയ സംബന്ധമായ അസുഖമുള്ളവരായിരുന്നു. യുഎഇയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 9മാസത്തിനിടെ അബുദാബിയില്‍ 182 പ്രവാസി ഇന്ത്യക്കാര്‍ മരിച്ചപ്പോള്‍ 131 പേരുടെ ജീവന്‍ നഷ്ടമായത് ഹൃദയാഘാതം മൂലമാണ്.

ദുബായ് കോണ്‍സുലേറ്റിന്റെ കീഴിലുള്ള പ്രദേശങ്ങളില്‍  698 പേര്‍ മരിച്ചപ്പോള്‍ 397 പേരുടെയും വിയോഗത്തിനു കാരണം ഹൃദയാഘാതമാണ്. ഇതില്‍ 57 പേര്‍ 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍. കൊവിഡ് വ്യാപകമാകുമ്പോള്‍ ഈ കണക്കുകള്‍ കൂടെ ഗൗരവത്തോടെ വേണം കാണാനെന്ന് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

കൂടെ ജോലിചെയ്തവരും താമസിച്ചവരുമടക്കം 37,469 വിദേശികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സമൂഹം കൊവിഡ് ഭീതിയില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയ്ക്കായി കാത്തുകഴിയുകയാണ്. വയോധികരേയും രോഗികളേയും ഇനിയും നാട്ടിലെത്തിക്കാന്‍ വൈകിയാല്‍ ഗള്‍ഫ് നാടുകളില്‍ മലയാളികളുടെ മരണസംഖ്യ ഇനിയും ഉയരും. 


"

click me!