
റാസല്‍ഖൈമ: തന്റെ കുഞ്ഞിന്റെ പിതാവായി കാമുകനെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അറബ് യുവതി നല്‍കിയ കേസിന്റെ വിചാരണയ്ക്കൊടുവില്‍ ഇരുവര്‍ക്കും തടവ് ശിക്ഷ വിധിച്ചു. വിവാഹം ചെയ്യാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് ഇയാള്‍ തന്നെയാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.
നിയമ വിരുദ്ധമായി ഇവര്‍ നിരവധി തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും യുവതി ഗര്‍ഭിണിയാവുകയും ചെയ്തതായി റാസല്‍ഖൈമ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയ ചാര്‍ജ് ഷീറ്റില്‍ പറയുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധം. കോടതിയില്‍ ഹാജരായ യുവാവ് ആരോപണങ്ങളെല്ലാം നിഷേധിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. വിദേശിയായ യുവതിയെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.
എന്നാല്‍ തന്റെ ഉമിനീര്‍ ഉപയോഗിച്ച് നടത്തിയ ഡിഎന്‍എ ടെസ്റ്റ് വിശ്വാസയോഗ്യമല്ലെന്നും രക്ത സാമ്പിള്‍ ഉപയോഗിച്ച് വീണ്ടും ടെസ്റ്റ് നടത്തണമെന്നും യുവാവ് വാദിച്ചു. ദുബായില്‍ വെച്ച് വീണ്ടും പരിശോധന നടത്തണമെന്നാണ് ഇയാളുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഇയാള്‍ വാദിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് യുവാവിന് അറിയാമായിരുന്നുവെന്ന് യുവതി ആദ്യം പറഞ്ഞത് പിന്നീട് മാറ്റി. മറ്റേതെങ്കിലും രാജ്യത്ത് പോയി പ്രസവിക്കാന്‍ യുവാവ് പറഞ്ഞുവെന്ന് ഇവര്‍ കോടതിയോട് പറഞ്ഞിരുന്നു. എന്നാല്‍ മറ്റെതെങ്കിലും രാജ്യത്ത് പോയി ഗര്‍ഭഛിദ്രം നടത്താനാണ് പറഞ്ഞതെന്ന് പിന്നീട് മൊഴിമാറ്റിയെന്നു അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
യുവാവ് അപ്പീല്‍ നല്‍കിയതോടെ ശിക്ഷ നടപ്പാക്കുന്നത് കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണിപ്പോള്‍. കേസ് നവംബര്‍ 27ന് അപ്പീല്‍ കോടതി പരിഗണിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam