യുഎഇയില്‍ വിവാഹേതര ലൈംഗികബന്ധത്തിലേര്‍പ്പെട്ട പ്രവാസി കമിതാക്കളുടെ ശിക്ഷ റദ്ദാക്കി

By Web TeamFirst Published Mar 4, 2021, 10:34 PM IST
Highlights

ഷാര്‍ജയില്‍ കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിനാണ് കമിതാക്കള്‍ക്ക് ശിക്ഷ വിധിച്ചത്. പിടിയിലായ ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

ഷാര്‍ജ: വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശിക്ഷിക്കപ്പെട്ട കമിതാക്കളെ ഷാര്‍ജ അപ്പീല്‍സ് കോടതി വെറുതെവിട്ടു. വിവാഹേതര ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പലസ്തീന്‍ കമിതാക്കള്‍ക്ക് നേരത്തെ ഷാര്‍ജ ക്രിമിനല്‍ കോടതി ആറുമാസം ജയില്‍ ശിക്ഷയും പിന്നീട് നാടുകടത്തലും വിധിച്ചിരുന്നു.  

ഷാര്‍ജയില്‍ കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിനാണ് കമിതാക്കള്‍ക്ക് ശിക്ഷ വിധിച്ചത്. പിടിയിലായ ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഇരുവരും കുറ്റം നിഷേധിച്ചെങ്കിലും ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം വ്യക്തി നിയമങ്ങളില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ യുഎഇ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് പരസ്പര സമ്മത പ്രകാരം പ്രായപൂര്‍ത്തിയായവര്‍ വിവാഹേതര ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ല. പുതിയ നിയമ പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍, ശിക്ഷിക്കപ്പെട്ട കമിതാക്കളുടെ അഭിഭാഷകന്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട കോടതി ഈ ജനുവരി 10ന് ഇരുവരെയും കുറ്റവിമുക്തരാക്കി ശിക്ഷ റദ്ദാക്കി. പുതിയ നിയമഭേദഗതി പ്രകാരം ഇവരുടെ പ്രവൃത്തി കുറ്റകരമല്ലെന്ന് അപ്പീല്‍ കോടതി കണ്ടെത്തി. 
 

click me!