വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കൊല്ലുമെന്ന് ഭീഷണി; പ്രവാസിയെ നാടുകടത്താന്‍ കോടതി വിധി

By Web TeamFirst Published Aug 7, 2021, 5:58 PM IST
Highlights

യുവതിയെ ഇഷ്‍ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിച്ച് പ്രതി മെസേജ് അയക്കുകയായിരുന്നു. യുവതി ആവശ്യം നിരസിച്ചതോടെ ഭീഷണിയായി. 

ദുബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രവാസി യുവാവിനെ നാടുകടത്താന്‍ ദുബൈ കോടതി വിധിച്ചു. അല്‍ ബര്‍ഷയിലെ നീന്തല്‍ പരിശീലന കേന്ദ്രത്തില്‍ ലൈഫ് ഗാര്‍ഡായി ജോലി ചെയ്‍തിരുന്ന 23കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഒപ്പം ജോലി ചെയ്‍തിരുന്ന പ്രവാസി വനിതയാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

യുവതിയെ ഇഷ്‍ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിച്ച് പ്രതി മെസേജ് അയക്കുകയായിരുന്നു. യുവതി ആവശ്യം നിരസിച്ചതോടെ ഭീഷണിയായി. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരവധി വാട്‍സ്ആപ് മെസേജുകള്‍ അയക്കുകയും നേരിട്ട് ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.

യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ അറസ്റ്റിലായി. താന്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചുവെന്ന് ഇയാള്‍ സമ്മതിച്ചു. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍, തനിക്ക് മാനസിക രോഗമുണ്ടെന്നും എന്താണ് പറഞ്ഞതെന്ന് ഓര്‍മയില്ലെന്നും മൊഴി നല്‍കി. മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്ന ആശുപത്രി രേഖകളും ഇയാള്‍ ഹാജരാക്കി.

ഭീഷണിപ്പെടുത്തല്‍, അപമാനിക്കല്‍, ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഇയാള്‍ക്ക് ആദ്യം കോടതി മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ്, നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു.

click me!