കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ തനി കോഴിക്കോടന്‍ ഭാഷയില്‍ കൊവിഡ് ബോധവല്‍ക്കരണവുമായി അവതാരക

By Web TeamFirst Published Mar 18, 2020, 12:17 AM IST
Highlights

കുവൈത്ത് സിറ്റി: കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ തനി കോഴിക്കോടന്‍ ഭാഷയില്‍ കൊവിഡ് വൈറസ് ബോധവല്‍ക്കരണവുമായി അവതാരക.
 

കുവൈത്ത് സിറ്റി: കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ തനി കോഴിക്കോടന്‍ ഭാഷയില്‍ കൊവിഡ് വൈറസ് ബോധവല്‍ക്കരണവുമായി അവതാരക. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണവും സ്വീകരിക്കേണ്ട മുന്‍കരുതലുകളുമാണ് ഏഴ് മിനുട്ട് നീളുന്ന വീഡിയോയില്‍ വിവരിക്കുന്നത്

ഹല കുവൈത്ത് എന്ന പരിപാടിയിലൂടെയാണ് മലയാളത്തില്‍ ബോധവല്‍ക്കരണവുമായി ടെലിവിഷന്‍ അവതാരക മറിയം അല്‍ ഖബന്ദി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇത് നമ്മക്ക് കിട്ടിയ ബല്യ ചാന്‍സാണെന്ന് പറഞ്ഞ് തനി കോഴിക്കോടു ഭാഷയിലുള്ള ബോധവല്‍ക്കരണം ഏഴുമിനുട്ട് നീളുന്നു. രാജ്യത്തെ 10 ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാരില്‍ അറുപത് ശതമാനവും മലയാളികളായ സാഹചര്യത്തിലാണ് കുവൈത്ത് ടെലിവിഷന്‍ ചാനല്‍ ബോധവല്‍ക്കരണത്തിനായി മലയാളം തന്നെ തെരഞ്ഞെടുത്തത്.

കുവൈത്ത് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങളും കൊറോണ വൈറസ് ബാധിതരുടെ എണ്ണവും സ്വീകരിക്കേണ്ട മുന്‍കരുതലുകളും അടക്കമാണ് മറിയം വിവരിക്കുന്നത്. നേരത്തേയും മലയാളത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ച് പാതി മലയാളി കൂടിയായ മറിയം അല്‍ ഖബന്ദി ശ്രദ്ധനേടിയിട്ടുണ്ട്.

അബ്ദുള്ള അല്‍ ഖബന്ദി എന്ന കുവൈത്ത് സ്വദേശിയാണ് മറിയത്തിന്റെ പിതാവ്. ഉമ്മ കോഴിക്കോട്ടുകാരിയായ ആയിഷാബിയും. ഉമ്മയില്‍ നിന്നാണ് മലയാളം സംസാരിക്കാന്‍ പഠിച്ചത്. അതുകൊണ്ട് തന്നെ കാലാവസ്ഥ വാര്‍ത്താ അവതാരകയായ മറിയത്തെ ചാനല്‍ അധികൃതര്‍ ബോധവല്‍ക്കരണത്തിനായി നിയോഗിക്കുകയായിരുന്നു. തന്നയേല്‍പ്പിച്ച ദൗത്യം മനോഹരമാക്കിയതിനുള്ള തെളിവാണ് സമൂഹമാധ്യമങ്ങളില്‍ ഈ വിഡിയോയ്ക്ക് ലഭിക്കുന്ന കൈയ്യടി.

click me!