
മസ്കത്ത്: ഒമാനില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മരണവിവരം അറിയാതെ ഭാര്യ നാട്ടിലേക്ക് പോയത്, പ്രിയതമന്റെ മൃതദേഹം കൊണ്ടുപോയ അതേ വിമാനത്തില്‍. മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യയെ ഒന്നുമറിയിക്കാതെ സുഹൃത്തുക്കളാണ് നാട്ടിലേക്ക് മടക്കി അയച്ചത്.
പ്രഭാത നമസ്കാരത്തിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ്, കണ്ണൂര്‍, ചുഴലി കുന്നുംപുറത്ത് പുതിയപുരയില്‍ മുഹമ്മദ് സഹീര്‍ കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം. ആറ് മാസം മുമ്പ് വിവാഹിതനായ സഹീറിനൊപ്പം ഭാര്യ ഷിഫാനയും ഒമാനില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ മരണവിവരം സുഹൃത്തുക്കള്‍ ഷിഫാനയെ അറിയിച്ചില്ല. സഹീറിന് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നായിരുന്നു സുഹൃത്തുക്കള്‍ ഷിഫാനയോട് പറഞ്ഞിരുന്നത്. രോഗ ലക്ഷണങ്ങളുള്ളതിനാല്‍ ഇനി സഹീറിന് കാണുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ഒമാനില്‍ ഒറ്റയ്ക്ക് നില്‍ക്കേണ്ടെന്നും പറഞ്ഞ് നിര്‍ബന്ധിച്ച് നാട്ടിലേക്ക് അയക്കുകയായിരുന്നു.
തിങ്കളാഴ്ചയാണ് മസ്കത്തില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഷഹാന യാത്ര തിരിച്ചത്. എന്നാല്‍ ഇതേ വിമാനത്തില്‍ തന്നെയായിരുന്നു സഹീറിന്റെ മൃതദേഹമടങ്ങിയ പെട്ടിയുമുണ്ടായിരുന്നത്. പ്രിയതമന്റെ മൃതദേഹവും അതേ വിമാനത്തിലുണ്ടെന്ന വിവരം വീട്ടിലെത്തുംവരെ ഷഹാന അറിയിതിരിക്കാന്‍ സുഹൃത്തുക്കളും നാട്ടിലുള്ള ബന്ധുക്കളും ഏറെ ശ്രദ്ധിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam