
ദില്ലി: കൊവിഡ് വ്യാപന സാഹചര്യത്തിൽ വിദേശത്ത് കഴിയുന്നവരെ നാട്ടിലേക്കെത്തിക്കാൻ വിപുലമായ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 13 രാജ്യങ്ങളിൽ നിന്ന് ആദ്യ ആഴ്ച പതിനയ്യായിരത്തിലധികം പേരെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്. ഗൾഫ് രാജ്യങ്ങൾക്കൊപ്പം അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ആദ്യ ഘട്ടത്തിൽ തന്നെ ചില വിമാനങ്ങൾ അയക്കും. രണ്ട് കപ്പലുകൾ ദുബായിലേക്ക് തിരിച്ചെന്നും കൂടുതൽ കപ്പൽ തയ്യാറെന്നും നാവികസേന വൃത്തങ്ങൾ അറിയിച്ചു.
ഗൾഫിലെ ആറു രാജ്യങ്ങളിലേക്കും ആദ്യ ആഴ്ച വിമാനങ്ങൾ പോകും. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും എഴും ആറും വീതം വിമാനങ്ങൾ ഉണ്ടാകും. തുടക്കത്തിൽ 64 വിമാനസർവ്വീസുകളുമായി വൻ പദ്ധതിയാണ് വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അയൽ രാജ്യങ്ങളിൽ ബംഗ്ളാദേശിലേക്കും വിമാനം ആയക്കുന്നുണ്ട്. ഫിലിപ്പിൻസ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെയും മടക്കി എത്തിക്കും.
ഒരു ദിവസം ശരാശരി രണ്ടായിരം പേരെങ്കിലും മടങ്ങിയെത്തുമെന്നാണ് കണക്ക്. ഗൾഫിലേക്ക് പറക്കുന്ന വിമാനങ്ങളിൽ ഇരുന്നുറ് പേർ വീതമാണ് മടങ്ങുക. അമേരിക്ക യുകെ എന്നിവിടങ്ങളിൽ നിന്ന 250 മുതൽ 300 പേർ വീതവും. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾക്കു പുറമെ ദില്ലി മുംബൈ, ബംഗലൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങി ആകെ 13 നഗരങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ മടക്കം.
ദുബായിലേക്ക് തിരിച്ച രണ്ട് നാവികസേന കപ്പലുകൾ വ്യാഴാഴ്ച എത്തും. വെള്ളിയാഴ്ച കൊച്ചിയിലേക്ക് മടങ്ങാനാണ് പദ്ധതിയെന്ന് നാവികസേന വൃത്തങ്ങൾ പറഞ്ഞു. മൂന്നര ദിവസത്തെ യാത്രയാണ് കൊച്ചിയിലേക്ക്. ആയിരം പേരെ തിരികെ എത്തിക്കും. മാലിദ്വീപിലേക്ക് പോയത് രണ്ട് കപ്പലുകളാണ്. കൂടുതൽ കപ്പലുകൾ യാത്രയ്ക്ക് സജ്ജമാണെന്നും ഉന്നത ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ഒന്നാം ഘട്ടത്തിലെ രണ്ടു ലക്ഷം പേരെ ഒന്നര മാസം കൊണ്ട് മടക്കിക്കൊണ്ടു വരാനുള്ള നീക്കത്തിനാണ് തുടക്കമായത്. എന്നാൽ പ്രവാസികളുടെ നിരീക്ഷണം എവിടെ എന്ന ആശയക്കുഴപ്പം തുടരുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam