'ടിക്കറ്റെടുക്കാന്‍ പ്രയാസമുള്ള പ്രവാസികള്‍ക്ക് ഫണ്ട് നല്‍കണം': പ്രത്യേക പാക്കേജ് വേണമെന്ന് കുഞ്ഞാലിക്കുട്ടി

By Web TeamFirst Published May 5, 2020, 11:21 AM IST
Highlights
  • പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കത്തില്‍ കേരളത്തിന് പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
  •  ടിക്കറ്റെടുക്കാനും മറ്റും ബുദ്ധിമുട്ടുള്ളവര്‍ക്ക് ഫണ്ട് എംബസികള്‍ മുഖേന നല്‍കണം.

ദില്ലി: പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കത്തില്‍ കേരളത്തിന് പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ടിക്കറ്റെടുക്കാനും മറ്റും ബുദ്ധിമുട്ടുള്ളവര്‍ക്ക് പ്രത്യേക ഫണ്ട് എംബസികള്‍ മുഖേന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നു എന്ന തീരുമാനം ഏറെ ആശ്വാസകരമാണ്. തിരികെ വരാന്‍ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേരളത്തില്‍ നിന്നായതിനാല്‍ സംസ്ഥാനത്തിന് ഒരു പ്രത്യേക പാക്കേജ് കേന്ദ്രം അനുവദിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ടിക്കറ്റെടുക്കാനും മറ്റും ബുദ്ധിമുട്ടുള്ളവര്‍ക്ക് എംബസികള്‍ മുഖേന ഫണ്ട് നല്‍കണമെന്നും അതിനായി പ്രത്യേക ഫണ്ടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊവിഡ് 19 പശ്ചാത്തലത്തിൽ  പ്രവാസികൾ കൂട്ടത്തോടെ  തിരിച്ചെത്തുമ്പോൾ എടുക്കേണ്ട ജാഗ്രതയെ കുറിച്ച് മുന്നറിയിപ്പുകളുമായി സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തി. റിവേഴ്സ് ക്വാറന്‍റൈൻ നടപ്പിലാക്കുകയാണ് ഏറ്റവും ഫലപ്രദമായ വഴിയെന്നാണ്  ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മാത്രമല്ല വീടുകൾക്കകത്ത് സോഷ്യൽ ഡിസ്റ്റൻസിംഗ് നടപ്പിലാക്കാനുള്ള പരിശീലനം കുടുംബങ്ങൾക്ക് നൽകണമെന്നും  ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ദുബായിലേക്കും മാലിദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകൾ പുറപ്പെട്ടിട്ടുണ്ട്. മാലിദ്വീപിലേക്കും ദുബായിലേക്കും രണ്ട് കപ്പലുകള്‍ വീതമാണ് യാത്ര തിരിച്ചിരിക്കുന്നത്. ദുബായിലേക്കുള്ള കപ്പലുകള്‍ വ്യാഴാഴ്ച വൈകിട്ട് അവിടെ എത്തും. എട്ടാം തീയതിയോടെ കപ്പലുകള്‍ മടങ്ങിയേക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. ദുബായില്‍ നിന്ന് കപ്പലുകള്‍ കൊച്ചിയിലേക്കാണ് എത്തുക. കപ്പലുകള്‍ പ്രവാസികളുമായി മടങ്ങി എത്തുന്നതിന് മൂന്നര ദിവസം വേണ്ടി വരും.  അതേസമയം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കൂടുതല്‍ കപ്പലുകള്‍ തയ്യാറാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ഇവ ആവശ്യത്തിന് അനുസരിച്ച് നിയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

പ്രവാസികളുമായി നാല് വിമാനങ്ങളാണ് വ്യാഴാഴ്ച കേരളത്തിലെത്തുക. 800 പേരാവും ആദ്യ ദിവസം കേരളത്തിലേക്ക് എത്തുന്നത്. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലെത്തും. ദുബായില്‍ നിന്നുള്ള വിമാനം കേഴിക്കോടേക്കാണ് ആദ്യ ദിവസം എത്തുക. ഓരോ വിമാനത്തിലും 200 യാത്രക്കാർ വീതമാവും ഉണ്ടാവുക. 15 വിമാനങ്ങളാണ് ആദ്യ ആഴ്ച കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. ഒമ്പത് നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ആദ്യ ആഴ്ചയെത്തും. ഒരാഴ്ച്ചക്കിടെ 2650 പേരാണ് സംസ്ഥാനത്തേക്ക് എത്തുക.

Read More: പ്രവാസികളുടെ മടക്കം: റിവേഴ്സ് ക്വാറന്‍റൈൻ നടപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍

click me!