പ്രവാസികളെ കൈവെടിയരുത്, തിരികെയെത്തിക്കാൻ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

By Web TeamFirst Published Apr 11, 2020, 6:44 PM IST
Highlights

രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ വെച്ച എംബസി ബുള്ളറ്റിനുകള്‍ ഇറക്കണം

തിരുവനന്തപുരം: കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് എത്താൻ സാധിക്കാതെ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ എംബസികള്‍ക്ക് നിർദ്ദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. 

ഒരോ രാജ്യത്തെയും ലേബർ ക്യാമ്പുകളെ ശ്രദ്ധിക്കണം. അതത് രാജ്യങ്ങളിലെ സര്‍ക്കാറുകളുമായി ചേര്‍ന്ന് പ്രത്യേ കമ്മിറ്റികളുണ്ടാക്കണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ വെച്ച എംബസി ബുള്ളറ്റിനുകള്‍ ഇറക്കണം. തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വിസിറ്റിങ്, ഹൃസ്വകാല വിസകളില്‍  പോയി വിദേശത്ത് കുടുങ്ങിയവരെ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് തിരികെയെത്തിക്കാൻ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

click me!