
കുവൈത്ത് സിറ്റി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യന്‍ റാപ്പിഡ് റെസ്‍പോണ്‍സ് സംഘം കുവൈത്തിലെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കുവൈത്ത് പ്രധാനമന്ത്രി സബാഹ് അല്‍ ഖാലിദ് അല്‍ സബാഹും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് നടപടി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദത്തിന്റെ കൂടി അടയാളമാണ് പുതിയ നീക്കങ്ങളെന്നും എസ് ജയ്ശങ്കര്‍ അറിയിച്ചു.
15 ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുമാണ് സംഘത്തിലുള്ളത്. കൊവിഡിനെതിരെ കുവൈത്ത് നടത്തുന്ന പോരാട്ടത്തില്‍ ഇന്ത്യന്‍ സംഘവും അണിചേരും. രോഗനിര്‍ണയത്തിലും രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനും പുറമെ കുവൈത്തിലെ മെഡിക്കല്‍ സംഘത്തിന് ആവശ്യമായ പരിശീലനവും ഇന്ത്യ നല്‍കും. സംഘം രണ്ടാഴ്ച കുവൈത്തില്‍ തങ്ങുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കുവൈത്ത് ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യന്‍ സംഘത്തെ അയച്ചതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കൊവിഡിനെതിരെ യോജിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ധാരണയായിരുന്നു. ഇതിന് പിന്നാലെ കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രിയും ടെലിഫോണില്‍ സംസാരിച്ചു. ഇരുരാജ്യങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് കുവൈത്തിലേക്ക് ഇന്ത്യന്‍ സംഘത്തെ അയച്ചത്.
ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം കുവൈത്തില്‍ 993 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 530 പേരും ഇന്ത്യക്കാരാണ്. ഇന്നലെ മാത്രം കുവൈത്തില്‍ 83 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിലും 51 പേര്‍ ഇന്ത്യക്കാരാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ