
റിയാദ്: സൗദി അറേബ്യയിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം അഞ്ചായി. മൂന്നുപേരിൽ കൂടി രോഗം കണ്ടെത്തിയെന്ന് വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചത്. രോഗികളിൽ രണ്ടുപേർ ദമ്പതികളാണ്. ബുധനാഴ്ച രാത്രി വരെ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇപ്പോള്‍ ചികിത്സയിലുള്ള അഞ്ചുപേരും സൗദി പൗരന്മാരാണ്. ഇതിൽ നാലുപേരും ഇറാനിൽ പോയി വന്നതാണ്. ഒരാളിൽ നിന്ന് അയാളുടെ ഭാര്യയിലേക്കും പകർന്നു.
ഇറാനിൽ നിന്ന് മൂന്നുപേർ ബഹ്റൈൻ വഴിയും ഒരാൾ കുവൈത്ത് വഴിയും തിരിച്ചെത്തി. കുവൈത്ത് വഴി വന്നയാളുടെ ഭാര്യയിലാണ് രോഗം സ്ഥിരീകരിച്ചത്. ഭർത്താവിൽ നിന്ന് പകർന്നതാണെന്നും ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായെന്നും ആരോഗ്യമന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കി. ആദ്യത്തെയാളുടെ രോഗം സ്ഥിരീകരിച്ചത് തിങ്കളാഴ്ചയായിരുന്നു. രണ്ടാമത്തെയാളുടേത് ബുധനാഴ്ച വൈകീട്ടും. ബാക്കി മൂന്നുപേരുടേതും വ്യാഴാഴ്ചയും. എല്ലാവരുടെയും സാമ്പിളുകളെടുത്ത് പരിശോധിക്കുകയായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഇറാനിൽ പോയി ബഹ്റൈൻ വഴി മടങ്ങിയ മൂന്നുപേരും ഒരുമിച്ച് യാത്ര ചെയ്തവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇറാനിൽ പോയ വിവരം മറച്ചുവെച്ചാണ് ഇവർ സൗദി അതിർത്തി കടന്നുവന്നത്. എന്നാൽ പിന്നീട് സംശയം തോന്നി ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യ രോഗി സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് സ്വദേശിയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദ് അൽഅലി പറഞ്ഞു. ഇയാളുമായി ഇടപഴകിയവരും ബന്ധുക്കളുമായ 70 പേരെ നിരീക്ഷണത്തിൽ വെക്കുകയും സാമ്പിളുകളെടുത്ത് പരിശോധന നടത്തുകയും ചെയ്തു. അതിൽ 51 പേരുടെ ഫലം ബുധനാഴ്ച പുറത്തുവന്നിരുന്നു. അതെല്ലാം നെഗറ്റീവായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ