Latest Videos

കൊവിഡ്-19: യുഎഇയിലെ പൊതുപരീക്ഷകളില്‍ മാറ്റമുണ്ടാകില്ല

By Web TeamFirst Published Mar 6, 2020, 1:28 AM IST
Highlights

കോവിഡ് 19നെതിരെയുള്ള ജാഗ്രതാ നടപടികളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ ഒരുമാസത്തേക്ക് സ്കൂളുകൾ അടയ്ക്കുമെന്ന് കഴിഞ്ഞ ദിവസം യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പൊതുപരീക്ഷകളില്‍ മാറ്റമുണ്ടാകില്ല.

ദുബായ്: കൊവിഡ് -19 ഭീതിയുടെ പശ്ചാതലത്തില്‍ യുഎഇയിലെ സ്കൂളുകള്‍ ഒരുമാസത്തേക്ക് അടച്ചിട്ടെങ്കിലും പൊതുപരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു, പരീക്ഷകൾ കർശന സുരക്ഷാ സംവിധാനത്തോടെ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി.

കോവിഡ് 19നെതിരെയുള്ള ജാഗ്രതാ നടപടികളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ ഒരുമാസത്തേക്ക് സ്കൂളുകൾ അടയ്ക്കുമെന്ന് കഴിഞ്ഞ ദിവസം യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പൊതുപരീക്ഷകളില്‍ മാറ്റമുണ്ടാകില്ല. പൊതുപരീക്ഷയുടെ പ്രാധാന്യവും വിദ്യാർഥികളുടെ ഭാവിയും കണക്കിലെടുത്താണ് ഉപാധികളോടെ പരീക്ഷ നടത്താൻ മന്ത്രാലയം അനുമതി നൽകിയത്. ഒരു ഹാളില്‍ 15 വിദ്യാര്‍ത്ഥികളെ വീതമായിരിക്കും അനുവദിക്കുക. അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിൽ വിളിച്ചുചേർത്ത സ്കൂൾ പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

യുഎഇ നൽകുന്ന മാർഗനിർദേശങ്ങൾ പാലിച്ച് പരീക്ഷ നിശ്ചയിച്ച തീയതിയിൽ തന്നെ നടക്കുമെന്നും ആശങ്കപ്പെടാനില്ലെന്നും യോഗത്തിൽ പങ്കെടുത്ത ഇന്ത്യൻ എംബസി വിദ്യാഭ്യാസം സെക്രട്ടറി അറിയിച്ചു. സ്കൂളിൽ ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടത് സ്കൂൾ മാനേജ്മെന്‍റിന്‍റെ ബാധ്യതയാണെന്നും, വിദ്യാര്‍ത്ഥികളെ പരീക്ഷാകേന്ദ്രത്തില്‍ എത്തിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം മാതാപിതാക്കള്‍ ഏറ്റെടുക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ 1 മുതൽ 9 വരെ ക്ലാസുകളിലെയും സിബിഎസ്ഇ11-ാം ക്ലാസിലെയും പരീക്ഷകള്‍ റദ്ദാക്കി.

ഈ കുട്ടികളുടെ ഒരു വർഷത്തെ ശരാശരി പഠന നിലവാരം നോക്കി പ്രമോഷൻ നൽകാനാണ് തീരുമാനം. മോശം പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് ഏപ്രിലിൽ റീ ടെസ്റ്റ് ഉണ്ടാകും. വിദ്യാഭ്യാസ വർഷത്തിൽ നഷ്ടപ്പെടുന്ന ക്ലാസുകൾ വേനൽ, ശൈത്യകാല അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും എടുത്ത് പരിഹരിക്കാമെന്നും യോഗത്തില്‍ തീരുമാനമായി. ഒരുമാസത്തെ അവധിക്ക് ശേഷം ഏപ്രില്‍ 13ന് സ്കൂളുകള്‍ തുറക്കും
 

click me!