
കണ്ണൂര്‍: ദുബായിൽ കൊവിഡ് സ്ഥിരീകരിച്ച തലശ്ശേരി സ്വദേശി മരിച്ചു. ടാക്സി ഡ്രൈവറായ പ്രദീപ് സാഗര്‍ (41) ആണ് മരിച്ചത്. പ്രദീപിന് സമയത്ത് ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തലശ്ശേരിയിൽ വാടക വീട്ടിലാണ് പ്രദീപിന്റെ അമ്മയും ഭാര്യയും മകനും താമസം. പേരാമ്പ്രയിൽ വീടുപണി നടക്കുന്നുണ്ട്. മെയ് മാസം നാട്ടിലേക്ക് വരാനായി തയ്യാറെടുക്കുന്നതിനിടെയാണ് ദുബൈയിൽ ലോക്ഡൗൺ പ്രഖ്യാപനം എത്തിയത്. ദുബായ് ടാക്സി കോർപ്പറേഷനിൽ ഡ്രൈവറായ ഇദ്ദേഹം മറ്റു ഡ്രൈവർമാർക്കൊപ്പമായിരുന്നു താമസം. രണ്ടാഴ്ച മുമ്പ് പനിയും ജലദോഷവും ബാധിച്ച് തൊട്ടടുത്തുള്ള ക്ലിനിക്കിൽ പോയി മരുന്ന് വാങ്ങി വന്നു.
രണ്ടു ദിവസം കഴിഞ്ഞ് ശ്വാസ തടസ്സം നേരിട്ടതോടെയാണ് കൊവിഡ് ക്ലിനിക്കിൽ പരിശോധനയ്ക്കായി പോയത്. പ്രദീപ് താമസിച്ചിടത്ത് ആർക്കും കൊവിഡ് ഇല്ലാതിരുന്നതിനാൽ സ്രവ പരിശോധനയുടെ ആവശ്യമില്ലെന്ന് ക്ലിനിക്കിൽ നിന്നും അറിയിച്ചു. പിന്നീട് കടുത്ത പനിയും അവശതയും വന്നതോടെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി. അവിടെനിന്നും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ദുബായ് ഹോസ്പിറ്റലിലേക്ക് മാറ്റുന്നത്. പ്രദീപുമായി അടുത്ത് ഇടപഴകിയ ആളുകളെ ഐസൊലേഷനിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam