
ദില്ലി: പ്രവാസികളുടെ മടങ്ങിവരവിൽ കേരളത്തിന്റെ നടപടികൾക്ക് തിരിച്ചടി. കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്താൻ കർശന ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വക്കുന്നത്. ഇതോടെ നോർക്കയിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഉടൻ തിരികെയെത്താൻ കഴിയാത്ത സ്ഥിതിയുണ്ടാകും. വീസാ കാലാവധി തീർന്നവർക്കും അടിയന്തര സ്വഭാവമുള്ളവർക്കും മാത്രം ഉടൻ മടക്കത്തിന് അനുമതി നൽകാനാണ് കേന്ദ്ര നീക്കമെന്നാണ് വിവരം. ഇതനുസരിച്ച് കേന്ദ്രപട്ടികയിൽ നിലവിലുള്ളത് രണ്ട് ലക്ഷംപേർ മാത്രമാണ്.
തിരിച്ച് വരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നടത്തുന്നത്. രജിസ്ട്രേഷൻ അടക്കമുള്ള നടപടികളും കേരളം വേഗത്തിലാക്കിയിരുന്നു. നോര്‍ക്ക വഴി മാത്രം നാല് ലക്ഷത്തോളം പേരാണ് മടങ്ങിവരവിന് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. എന്നാൽ ഇവര്‍ക്ക് എല്ലാവര്‍ക്കും ഉടൻ നാട്ടിൽ മടങ്ങിയെത്താൻ കഴിയില്ലെന്ന് തന്നെയാണ് കേന്ദ്ര നിലപാടിലൂടെ വ്യക്തമാക്കുന്നത്.
പ്രവാസികൾക്ക് മടങ്ങി വരവ് മാനദണ്ഡങ്ങൾ തയ്യാറാക്കാൻ വലിയ കൂടിയാലോചനകളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് നടക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആര്‍ക്കൊക്കെ മുൻഗണന നൽകണമെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയിലും സൂചനകൾ നൽകിയിരുന്നു. സംസ്ഥാന സര്‍ക്കാരുകൾ നൽകുന്ന കണക്കിനപ്പുറത്ത് അതാത് എംബസികൾ നൽകുന്ന മുൻഗണന ലിസ്റ്റ് അടക്കം പരിഗണിച്ചാകും അന്തിമ ലിസ്റ്റ് തയ്യാറാക്കുക. അതിൽ തന്നെ വീസാ കാലാവധി കഴിഞ്ഞവര്‍ മുതൽ ചികിത്സാ ആവശ്യത്തിന് അടക്കം മടങ്ങി വരവ് ആഗ്രഹിക്കുന്നവര്‍ വരെ കൂട്ടത്തിലുണ്ട്. പ്രത്യേക വിമാനത്തിലും കപ്പലിലും എല്ലാമായി പ്രവാസികളെ മടക്കി കൊണ്ട് വരാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്നത് കൊണ്ട് തന്നെ അന്തിമ പട്ടികയിൽ ഇന്ത്യയിലാകെ ഉള്ളത് ഒരു ലക്ഷത്തി തൊണ്ണൂറ്റയ്യായിരം പേരാണ് എന്നാണ് വിവരം.
നോര്‍ക്കവഴിയും എംബസി വഴിയും 413000 പേരാണ് നാട്ടിലേക്ക് മടങ്ങാൻ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിൽ 61009 പേര്‍ തൊഴിൽ നഷ്ടപ്പെട്ടവരാണ്. ഗര്‍ഭിണികളായ 9827 പേര്‍ രജിസ്ട്രേഷൻ പട്ടികയിലുണ്ട്. 41236 പേര്‍ സന്ദര്‍ശക വീസാ കാലാവധി കഴിഞ്ഞവരാണ്. വീസാ കാലവധി കഴിഞ്ഞതോ റദ്ദാക്കപ്പെട്ടതോ ആയ 27100 പേരും ജയിൽ മോചിതരായ 806 പേരും നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ