Latest Videos

പ്രവാസികൾ എവിടെയെങ്കിലും കിടന്ന് മരിച്ചോട്ടെ എന്നാണോ? കേന്ദ്ര നിലപാടിനെതിരെ പികെ കുഞ്ഞാലിക്കുട്ടി

By Web TeamFirst Published May 4, 2020, 11:19 AM IST
Highlights

ഗര്‍ഭിണികളായ പ്രവാസികൾ അടക്കം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. മുൻഗണന നിശ്ചയിക്കാം പക്ഷെ അധികം വൈകാതെ എല്ലാവരേയും തിരിച്ചെത്തിക്കാൻ സംവിധാനം ഒരുക്കണം

തിരുവനന്തപുരം: പ്രവാസികളെ മുൻഗണന നിശ്ചയിച്ച് മാത്രം തിരിച്ചെത്തിച്ചാൽ മതിയെന്ന കേന്ദ്രത്തിന്‍റെ തീരുമാനം അങ്ങേ അറ്റം പ്രതിഷേധാര്‍ഹമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഒട്ടേറെ മലയാളികൾ കൊവിഡ് പശ്ചാത്തലത്തിൽ മടങ്ങിവരാൻ തയ്യാറായിരിക്കെ കേരളത്തിന് മാത്രമായി ഒരു പാക്കേജ് വേണമെന്നും പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പ്രവാസികളുടെ തിരിച്ച് വരവിന് കേന്ദ്രം കര്‍ശന ഉപാധി മുന്നോട്ട് വക്കുന്നു എന്ന വാര്‍ത്തയോടാണ് പ്രതികരണം. 

അത്യാവശ്യഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചവരുടെ അവകാശങ്ങൾ നിഷേധിക്കുന്ന അവസ്ഥ അംഗീകരിക്കാൻ കഴിയുന്നതല്ല. സ്വന്തം പൗരര്‍ എവിടെയെങ്കിലും കിടന്ന് മരിച്ചോട്ടെ എന്നാണോ കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഗര്‍ഭിണികളായ പ്രവാസികൾ അടക്കം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. മുൻഗണന നിശ്ചയിക്കാം പക്ഷെ അധികം വൈകാതെ എല്ലാവരേയും തിരിച്ചെത്തിക്കാൻ സംവിധാനം ഒരുക്കണം

തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ പരിമിതികളില്ലെന്ന് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താൻ കേരളം തയ്യാറാകണമെന്നും പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു, വരുന്ന ആളുകളെ ക്വാറന്‍റൈൻ ചെയ്യുകയേ വേണ്ടു .അത് എപ്പോഴായാലും ചെയ്യണം. അതിനുള്ള പറയാൻ മാത്രം വിഷയങ്ങളൊന്നും പ്രവാസികളുടെ മടങ്ങി വരവിലില്ല. അടിയന്തര ഘട്ടത്തിൽ കേന്ദ്ര സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ശരിയല്ലെന്നും കുഞ്ഞിലിക്കുട്ടി എംപി പ്രതികരിച്ചു. 

നോര്‍ക്കവഴിയും എംബസി വഴിയും 413000 പേരാണ് നാട്ടിലേക്ക് മടങ്ങാൻ  ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിൽ 61009 പേര്‍ തൊഴിൽ നഷ്ടപ്പെട്ടവരാണ്. ഗര്‍ഭിണികളായ  9827 പേര്‍ രജിസ്ട്രേഷൻ പട്ടികയിലുണ്ട്. 41236 പേര്‍ സന്ദര്‍ശക വീസാ കാലാവധി കഴിഞ്ഞവരാണ്.  വീസാ കാലവധി കഴിഞ്ഞതോ റദ്ദാക്കപ്പെട്ടതോ ആയ 27100 പേരും ജയിൽ മോചിതരായ  806 പേരും നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നുണ്ട്. 

click me!