കൊവിഡ്-19: സൗദിയില്‍ രോഗബാധിതരുടെ എണ്ണം അഞ്ചായി

By Web TeamFirst Published Mar 6, 2020, 12:45 AM IST
Highlights

വ്യാഴാഴ്ച മൂന്നു പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ രോഗബാധിതരുടെ എണ്ണം അഞ്ചായത്. രോഗബാധ സ്ഥിരീകരിച്ച മൂന്നുപേരും ഇറാൻ സന്ദർച്ച ശേഷം ബഹ്‌റൈൻ വഴി സൗദിയിൽ മടങ്ങിയെത്തിവരാണെന്ന് വ്യക്തമായി.

റിയാദ്: സൗദിയിൽ കോവിഡ് 19 രോഗബാധിതരുടെ എണ്ണം അഞ്ചായി. രോഗം ബാധിച്ചവരിൽ ദമ്പതികളുമുള്‍പ്പെട്ടു. രോഗ നിയന്ത്രണത്തിന് കർശന മുൻകരുതൽ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി മക്ക അതിർത്തികളിൽനിന്നു തീർത്ഥാടകരെ തിരിച്ചയച്ചു തുടങ്ങി. വ്യാഴാഴ്ച മൂന്നു പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ രോഗബാധിതരുടെ എണ്ണം അഞ്ചായത്. രോഗബാധ സ്ഥിരീകരിച്ച മൂന്നുപേരും ഇറാൻ സന്ദർച്ച ശേഷം ബഹ്‌റൈൻ വഴി സൗദിയിൽ മടങ്ങിയെത്തിവരാണെന്ന് വ്യക്തമായി. ഇറാൻ സന്ദർശിച്ച വിവരം അധികൃതരോട് വെളിപ്പെടുത്തിയിരുന്നില്ല. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഇറാൻ സന്ദർശിച്ച ശേഷം കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ ആളാണ്.

ഇയാളും കുവൈറ്റിൽ പോകുന്നതിനു മുൻപ് ഇറാൻ സന്ദർശിച്ചിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ഇയാളിൽ നിന്നാണ് ഭാര്യയിലേക്കും രോഗം പകർന്നതെന്ന് അധികൃതർ അറിയിച്ചു. രോഗബാധിതരെയെല്ലാം ഐസൊലേഷൻ വാർഡുകളിൽ പാർപ്പിച്ചിരിക്കുകയാണ്. രോഗബാധിതരുമായി ഇടപഴകിയ എല്ലാവരുടെയും സ്രവ സാമ്പിളുകൾ പരിശോധനക്ക് അയച്ചതായും പരിശോധനാ ഫലം വരുന്ന മുറക്ക് അത് പുറത്തുവിടുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 937 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര ഉംറ തീർത്ഥാടകർക്കും താല്ക്കാലിക വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് മക്ക അതിർത്തിയിൽ പരിശോധന കർശനമാക്കുകയും തീർത്ഥാടകരെ തിരിച്ചയക്കുകയും ചെയ്യുന്നത്.

click me!