കൊവിഡ് 19: യാത്രയ്ക്ക് വൈറസ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ്; ഉത്തരവ് പിന്‍വലിച്ച് കുവൈത്ത്

By Web TeamFirst Published Mar 5, 2020, 11:39 PM IST
Highlights

ഇന്ത്യൻ എംബസിയിൽ നിന്നടക്കമുള്ള നിർദ്ദേശങ്ങൾ പരിശോധിച്ചതിന് ശേഷമാണ് നടപടി. കൊറോണ വൈറസ് വ്യാപനം തടയാൻ ആവശ്യമായ ബദൽ നിർദേശം ഉടനടി സമർപ്പിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് മന്ത്രിസഭ നിർദേശം നൽകി. 

കുവൈത്ത് സിറ്റി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലുള്ള പ്രവാസികൾ മടങ്ങി വരുമ്പോൾ കൊറോണാ ബാധിതരല്ലന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് കുവൈത്ത് മന്ത്രിസഭ മരവിപ്പിച്ചു. ഇന്ത്യൻ എംബസിയിൽ നിന്നടക്കമുള്ള നിർദ്ദേശങ്ങൾ പരിശോധിച്ചതിന് ശേഷമാണ് നടപടി. കൊറോണ വൈറസ് വ്യാപനം തടയാൻ ആവശ്യമായ ബദൽ നിർദേശം ഉടനടി സമർപ്പിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് മന്ത്രിസഭ നിർദേശം നൽകി. 

മാർച്ച് ഏട്ടിന് ശേഷം കുവൈത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികൾ കൊറോണ ബാധിതരല്ലന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദ്ദേശം അവധിക്ക് നാട്ടിൽ പോയ മലയാളികളടക്കമുള്ള പ്രവാസികളെ ആശങ്കയിൽ ആഴ്ത്തിയിരുന്നു. അതേ സമയം കുവൈത്തിൽ ഇന്ന് രണ്ട്​ പുതിയ കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അമ്പത്തെട്ടായി.

ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ നിബന്ധന കുവൈത്ത് കൊണ്ട് വന്നിരുന്നത്. കുവൈത്ത് എംബസികള്‍ അംഗീകരിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഈ രേഖ ഇല്ലാതെ യാത്ര ചെയ്ത് എത്തുന്നവരെ അതേ എയര്‍ലൈനില്‍ തന്നെ തിരിച്ചയ്ക്കുമെന്നും അറിയിച്ചിരുന്നു. ഈ നിര്‍ദ്ദേശമാണ് ഇപ്പോള്‍ പിന്‍വലിച്ചത്. 

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കുട്ടികളും പ്രായമേറിയവരും പ്രാര്‍ത്ഥനയ്ക്ക് പള്ളിയില്‍ പോകേണ്ടതില്ലെന്ന് യുഎഇയില്‍ മതവിധി വന്നിരുന്നു. യുഎഇ ഫത്‍വ കൗണ്‍സിലാണ് മതവിധി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ കാര്യാലയങ്ങളും കൊവിഡ് വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ഫത്‍വ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
 
രോഗം ബാധിച്ചവരോ വൈറസ് ബാധ സംശയിക്കുന്നവരോ പൊതുസ്ഥലങ്ങളില്‍ പോകരുതെന്നും പണ്ഡിതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പള്ളികളിലെ സംഘനമസ്കാരത്തിനോ വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനയ്ക്കോ റമസാനിലെ നിശാ നമസ്കാരത്തിനോ പെരുന്നാള്‍ നമസ്കാരത്തിനോ ഇവര്‍ ആരാധനാലയങ്ങളില്‍ പോകരുത്. പ്രതിരോധശേഷി കുറഞ്ഞ കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഈ നിര്‍ദ്ദേശം അനുസരിക്കണം.

വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നതിന് പകരം വീട്ടിലോ താമസസ്ഥലത്തോ നമസ്കാരം നിര്‍വ്വഹിച്ചാല്‍ മതിയെന്നും ഫത്‍‍വയില്‍ പറയുന്നു. ഹജ്, ഉംറ, മദീന സന്ദര്‍ശനം എന്നിവ സൗദി സര്‍ക്കാരിന്‍റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമായിരിക്കണമെന്നും ഫത്‍‍വ കൗണ്‍സില്‍ അറിയിച്ചു. ദുബായിലെ ഒരു ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിക്കാണ് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത്. വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നാണ് രോഗബാധയെന്നാണ് വിവരം. 

ദുബായില്‍ തിരിച്ചെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. വിദ്യാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില നിലവില്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. 

click me!