മാര്‍ച്ച് 11ന് പറഞ്ഞത് മറ്റൊന്ന്, ഇപ്പോള്‍ നിലപാട് മാറ്റിയതിന് കാരണമെന്ത്? വി മുരളീധരനെതിരെ പിണറായി

By Web TeamFirst Published Jun 17, 2020, 6:46 PM IST
Highlights

രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരരുത് എന്ന് മാര്‍ച്ച് 11ന് മുരളീധരന്‍ പറഞ്ഞു എന്നോര്‍മ്മിച്ചാണ് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പ്രവാസികളുടെ കൊവിഡ് പരിശോധന സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരരുത് എന്ന് മാര്‍ച്ച് 11ന് മുരളീധരന്‍ പറഞ്ഞു എന്നോര്‍മ്മിച്ചാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇപ്പോഴത്തെ നിലപാട് മാറ്റത്തിന് പിന്നിലെ കാരണം അദേഹം വ്യക്തമാക്കണം എന്നും പിണറായി വിജയന്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

'കേരളത്തിനെതിരെ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ പ്രചാരണങ്ങളുടെ കൂട്ടത്തില്‍ ഒരു കേന്ദ്ര സഹമന്ത്രി കൂടിയുണ്ട്. എന്നാല്‍ ഇതേ കേന്ദ്ര സഹമന്ത്രി മാര്‍ച്ച് 11ന് പറഞ്ഞത് ഇങ്ങനെ...രോഗമുള്ളവരും ഇല്ലാത്തവരും ഓരേ വിമാനത്തില്‍ യാത്ര ചെയ്‌താല്‍ രോഗം പകരാം. അതത് രാജ്യത്ത് പരിശോധന നടത്തി രോഗമില്ലാത്തവരെ കൊണ്ടുവരികയും രോഗമുള്ളവരെ അവിടെ ചികിത്സിക്കുകയുമാണ് നല്ലത്. ഇപ്പോള്‍ അതില്‍ നിന്ന് മാറി. കേരളം അത്തരമൊരു നിലപാട് എടുത്തിട്ടില്ല. രോഗമുള്ളവരെയും നാട്ടിലേക്ക് എത്തിക്കാന്‍ തടസമില്ല എന്നതാണ് സംസ്ഥാനത്തിന്‍റെ നിലപാട്. എന്നാല്‍ രോഗമുള്ളവര്‍ അവരുടെ ആരോഗ്യം സമ്മതിക്കുന്നെങ്കില്‍ പ്രത്യേകം കൊണ്ടുവരാന്‍ സൗകര്യമൊരുക്കിയാല്‍ കേരളം രണ്ടുകൈയും നീട്ടി സ്വീകരിക്കും, ചികിത്സ ഉറപ്പാക്കും. രോഗമുള്ളവര്‍ അവിടെ തുടരട്ടെ എന്ന് കേരളം ഒരിക്കലും പറഞ്ഞിട്ടില്ല. 

ഇദേഹത്തിനോട് ആരാണ് പറഞ്ഞത് കൊറോണയുടെ ടെസ്റ്റ് ഇല്ലാതെയാണ് കൊണ്ടുവരുന്നത്. എല്ലാ ആളുകളെയും വിമാനത്തില്‍ കയറും മുന്‍പ് ടെസ്റ്റിന് വിധേയരാക്കും. ഇതിന് ശേഷമേ വിമാനത്തില്‍ കയറ്റൂ എന്ന് പറഞ്ഞയാളാണ്, കേരളം ടെസ്റ്റിന് വേണ്ടി വാദിക്കുന്നത് മഹാപാതകം ആണെന്ന് പറയുന്നത്. എന്തുകൊണ്ട് നിലപാട് മാറ്റി എന്ന് അദേഹം വ്യക്തമാക്കണം. കൊവിഡ് ബാധിച്ചവര്‍ മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യുന്നത് ഒഴിവാക്കണം' എന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ന് 90 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 75 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ വന്നവര്‍ 19 പേര്‍. സമ്പര്‍ക്കംമൂലം മൂന്ന് പേര്‍ക്ക് രോഗം പിടിപെട്ടു. അതേസമയം, 90 പേര്‍ രോഗമുക്തി നേടി. കെവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 20 പേരാണ് മരണമടഞ്ഞത്. വിദേശരാജ്യങ്ങളില്‍ ഇന്നലെവരെ 277 കേരളീയര്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. 
 

click me!