ദുബായില്‍ യാത്രാവിലക്ക്; ഭക്ഷണത്തിനും മരുന്നിനുമല്ലാതെ പുറത്തിറങ്ങരുത്

By Web TeamFirst Published Apr 5, 2020, 6:41 AM IST
Highlights

നിയമലംഘനം നടത്തുന്നവർ പിഴ ശിക്ഷ അടക്കമുള്ള നിയമനടപടികൾക്ക് വിധേയരാകേണ്ടി വരും. രോഗ ബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കൽ തുടരുമെന്നും അധികൃതർ

ദുബായ്: കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവിൽ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻ‍ഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളും നിരത്തിലിറക്കാൻ പാടില്ല. നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് സഞ്ചാര വിലക്കുള്ളത്.

നിയമലംഘനം നടത്തുന്നവർ പിഴ ശിക്ഷ അടക്കമുള്ള നിയമനടപടികൾക്ക് വിധേയരാകേണ്ടി വരും. രോഗ ബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കൽ തുടരുമെന്നും അധികൃതർ അറിയിച്ചു. ജനസാന്ദ്രതയേറിയ സ്ഥലങ്ങളിൽ ആരോഗ്യ പരിശോധന ഏർപ്പെടുത്തും. യൂണിയൻ കോഓപ്പറേറ്റീവ് സൊസൈറ്റികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ഭക്ഷ്യ-മരുന്ന് ഡെലിവറികൾ എന്നിവ സാധാരണ പോലെ പ്രവർത്തിക്കും. ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ വരാന്‍ പാടുള്ളൂ. ദുബായ് മെട്രോ, ട്രാം എന്നിവ സർവീസ് നിര്‍ത്തിവച്ചതായി ആര്‍ടിഎ അറിയിച്ചു. ഗള്‍ഫിലെ രോഗബാധിതരുടെ എണ്ണം 6453ആയി. 49 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

 

click me!