കൊവിഡ് 19: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കുവൈത്ത്

By Web TeamFirst Published Jul 24, 2020, 12:10 AM IST
Highlights

കൊവിഡിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സ്തംഭിച്ച ജനജീവിതം സാധാരണ നിലയിലേക്ക്‌ തിരിച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച അഞ്ചു ഘട്ട നടപടികളിൽ മൂന്നാം ഘട്ടം ജൂലൈ 28ന് ആരംഭിക്കും

കുവൈത്ത് സിറ്റി: കൊവിഡിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കുവൈത്ത്. നിലവിലുള്ള കർഫ്യൂ സമയം ജൂലൈ 28 ചൊവ്വാഴ്ച മുതൽ രാത്രി ഒമ്പത് മുതൽ പുലർച്ചെ മൂന്നുവരെയായി ചുരുക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ടാക്സി സർവ്വീസുകളും തുടങ്ങും.

കൊവിഡിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സ്തംഭിച്ച ജനജീവിതം സാധാരണ നിലയിലേക്ക്‌ തിരിച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച അഞ്ചു ഘട്ട നടപടികളിൽ മൂന്നാം ഘട്ടം ജൂലൈ 28ന് ആരംഭിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഫര്‍വാനിയയില്‍ നിലനില്‍ക്കുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ജൂലൈ 26 ഞായറാഴ്ച അഞ്ച് മണിയോടെ അവസാനിക്കും.

ഭാഗിക കര്‍ഫ്യൂവിന്‍റെ സമയം രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ മൂന്ന് മണിവരെയാക്കുവാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. നിലവിൽ രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെയാണ്​ കർഫ്യൂ സമയം. മൂന്നാം ​ഘട്ടത്തിൽ കർഫ്യൂ നീക്കും എന്നാണ്​ മുമ്പ്​ പ്രഖ്യാപിച്ചിരുന്നതെങ്കിലും കർഫ്യൂ സമയം കുറയ്ക്കുക മാത്രമാണ് ചെയ്തത്.

ടാക്സി വാഹനങ്ങൾക്ക്‌ ഒരു യാത്രക്കരനെ മാത്രം കയറ്റി സർവ്വീസ്‌ നടത്തുവാൻ അനുമതി നൽകിയതാണ് മറ്റൊരു സുപ്രധാന തീരുമാനം. സർക്കാർ ഓഫീസുകളിൽ നിലവിലെ 30 ശതമാനം പ്രവർത്തന ശേഷി 50 ശതമാനമായി വർദ്ധിപ്പിക്കും. ഹോട്ടലുകളും റിസോര്‍ട്ടുകളും നിയന്ത്രണങ്ങളോടെ മൂന്നാംഘട്ടത്തില്‍ പ്രവര്‍ത്തിക്കും. 

click me!