സൗദിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

By Web TeamFirst Published Apr 18, 2020, 7:19 AM IST
Highlights

സാംത, അല്‍ദായര്‍ മേഖലകളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി. പ്രധാന നഗരങ്ങളിലെല്ലാം കഴിഞ്ഞയാഴ്ച തന്നെ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.
 

റിയാദ്: കൊവിഡ് 19 വ്യാപനം തടയാന്‍ സൗദി അറേബ്യയില്‍ കൂടുതല്‍ ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സാംത, അല്‍ദായര്‍ എന്നീ പ്രദേശങ്ങളിലാണ് മുഴുവന്‍ സമയ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അനിശ്ചിത കാലത്തേക്കാണ് കര്‍ഫ്യൂ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ നിയമം പ്രാബല്യത്തിലായി. നേരത്തെ ഇവിടെ 11 മണിക്കൂര്‍ കര്‍ഫ്യുവാണ് ഉണ്ടായിരുന്നത്. സാംത, അല്‍ദായര്‍ മേഖലകളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.

പ്രധാന നഗരങ്ങളിലെല്ലാം കഴിഞ്ഞയാഴ്ച തന്നെ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. കര്‍ഫ്യൂ ഇളവുള്ള മേഖലകള്‍ക്ക് ആനുകൂല്യം തുടരും. ഭക്ഷണം, ചികിത്സ പോലുള്ള അത്യാവശ്യകാര്യങ്ങള്‍ക്ക് തൊട്ടടുത്തുള്ള സ്ഥാപനങ്ങളില്‍ രാവിലെ ആറിനും ഉച്ചക്ക് ശേഷം മൂന്നിനും ഇടയില്‍ പോകാന്‍ അനുമതിയുണ്ട്. താമസ സ്ഥലങ്ങളില്‍ അത്യാവശ്യത്തിന് വാഹനം ഉപയോഗിക്കുകയാണെങ്കില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ക്ക് കൂടി യാത്ര ചെയ്യാം.

ബഖാലകള്‍, ഫാര്‍മസികള്‍, പെട്രോള്‍ പമ്പുകള്‍, ഗാസ് കടകള്‍, ബാങ്ക്, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ജലവിതരണം, മലിനജല ടാങ്കര്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. അത്യാവശ്യത്തിനാണെങ്കില്‍ പോലും കുട്ടികള്‍ പുറത്തിറങ്ങരുത്.
 

click me!