സൗദിയില്‍ ഹോം ഡെലിവെറിക്ക് പുതിയ വ്യവസ്ഥ

By Web TeamFirst Published Apr 11, 2020, 1:39 AM IST
Highlights

ഓണ്‍ലൈന്‍ ആയി ഹോം ഡെലിവറി സംവിധാനം ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാണ്.
 

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഹോം ഡെലിവറിക്ക് പുതിയ വ്യവസ്ഥ. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം താല്‍ക്കാലികമായി പുതിയ വ്യവസ്ഥ ബാധകമാക്കിയത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ശരീര താപനില ദിവസേന പരിശോധിക്കണമെന്നാണ് പ്രധാന വ്യവസ്ഥകളില്‍ ഒന്ന്. 

കൂടാതെ ഓര്‍ഡര്‍ പ്രകാരമുള്ള തുക പണമായി നല്‍കുന്നതും വിലക്കിയിട്ടുണ്ട്.പകരം പണം നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തണം. രണ്ടു മീറ്റര്‍ അകലെ നിന്ന് വേണം ഓര്‍ഡര്‍ കൈമാറേണ്ടതെന്നും പുതിയ വ്യവസ്ഥ നിഷ്‌കര്‍ഷിക്കുന്നു. ഓണ്‍ലൈന്‍ ആയി ഹോം ഡെലിവറി സംവിധാനം ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാണ്.

സ്ഥാപനത്തില്‍ നിന്ന് ഉപയോക്താവിന്റെ അടുത്തേക്ക് 45 മിനുറ്റില്‍ കൂടുതല്‍ യാത്രാ സമയം വേണ്ടിവരുന്ന ഓര്‍ഡറുകളും ഡെലിവറി ചെയ്യുന്നതിന് വിലക്കുണ്ട്. ഓര്‍ഡറുകള്‍ കൈമാറുമ്പോള്‍ ഡെലിവറി ചെയ്യുന്ന ആള്‍ മാസ്‌ക്കും കൈയുറയും ധരിച്ചിരിക്കണം. ഒപ്പം പാര്‍സലുകള്‍ പൊതിയുന്നതിനു ഉപയോഗിക്കുന്ന കവറുകള്‍ ഉപയോക്താക്കള്‍ സുരക്ഷിതമായി നശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.

click me!