കുവൈത്തിലും റിയാദിലും ഓരോ മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു, ആകെ മരിച്ച പ്രവാസികൾ 226

By Web TeamFirst Published Jun 14, 2020, 10:28 PM IST
Highlights

ഇതോടെ ഈ കൊവിഡ് കാലത്ത് കേരളത്തിന് നഷ്ടമായ മലയാളികളുടെ എണ്ണം 226 ആയി. പ്രവാസികൾക്ക് ചാർട്ടേഡ് വിമാനത്തിൽ മടങ്ങാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശത്തിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. 

റിയാദ്: കോട്ടയം മണിമല കടയനിക്കാട് സ്വദേശി സിബി കളപ്പുരയ്ക്കൽ (55) കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ, ഈ കൊവിഡ് കാലത്ത് കേരളത്തിന് നഷ്ടമായ മലയാളികളുടെ എണ്ണം 226 ആയി.

കൊവിഡ് ബാധിച്ച് മറ്റൊരു മലയാളി കൂടി റിയാദിൽ മരിച്ചു. പള്ളിപ്പുറം പെഴുങ്കര സ്വദേശി സി ടി സുലൈമാൻ (63) ആണ് അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. രോഗബാധിതനായി ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഭാര്യ: ശരീഫ. മക്കൾ: ശംലിഖ്, ശബീല്, ശഹീൻ. മരുമക്കൾ: ശബീന, തൻസീറ. മൃതദേഹം കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഇതിനിടെയും, ചാർട്ടേ‍ഡ് വിമാനത്തിൽ വരുന്നവർക്ക് കൊവിഡില്ലെന്ന് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സംസ്ഥാനസർക്കാർ. മടങ്ങിവരുന്ന പ്രവാസികൾക്കുള്ള കൊവിഡ് പരിശോധനക്ക് എംബസികളിൽ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകി. സുരക്ഷ മുൻനിർത്തിയാണ് പ്രവാസികൾക്ക് കൊവിഡ് പരിശോധനാഫലം വേണമെന്ന നിലപാട് എടുത്തതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വിശദീകരിക്കുന്നു.

ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരിക്കുകയാണ്. തീരുമാനം പിൻവലിക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിലപാടിൽ മാറ്റമില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നത്. 

കൊവിഡ് പരിശോധനക്ക് എംബസികൾ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നാണ് നിദ്ദേശിച്ച് ടെസ്റ്റിന്‍റെ ഉത്തരാദിത്വം കേന്ദ്രത്തിന് നൽകുകയും ചെയ്തു. കൊവിഡ് പോസിറ്റീവായരും രോഗമില്ലാത്തവരും ഒരുമിച്ച് യാത്ര ചെയ്യുന്ന സാഹചര്യമൊഴുവാക്കണമെന്ന കർശനനിലപാടും സംസ്ഥാനം അറിയിച്ചു. കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേകഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് പരിശോധനക്ക് വിദേശരാജ്യങ്ങളിൽ വേണ്ടത്ര സൗകര്യമില്ലെന്ന ആക്ഷേപമുണ്ട്, ഇതിനിടെയാണ് സർക്കാർ നിലപാടിലുറച്ച് നിൽക്കുന്നത്. 812 ചാർട്ടേഡ് വിമാനങ്ങൾക്ക് ഇപ്പോൾ സംസ്ഥാനം അനുമതി നൽകിയിട്ടുണ്ട്. വന്ദേഭാരത് ദൗത്യത്തിലൂടെ 360 വിമാനങ്ങളുമെത്തും. മടങ്ങിവരാനായി ഈ മാസം രണ്ട് ലക്ഷം പേരാണ് കാത്ത് നിൽക്കുന്നത്.

click me!