കൊവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടത്തിലേക്ക്; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി യുഎഇ, പ്രതീക്ഷയോടെ ലോകം

By Web TeamFirst Published Jul 14, 2020, 12:20 PM IST
Highlights

കൊവിഡിനെതിരായ രണ്ട് വാക്‌സിനുകളുടെ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

അബുദാബി: കൊവിഡ് 19 മഹാമാരിക്കെതിരായ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി യുഎഇ. പരീക്ഷണം വിജയകരമായാല്‍ വാക്‌സിന്‍ വന്‍ തോതില്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ ഒവൈസിനെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച നടന്ന വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡിനെതിരായ രണ്ട് വാക്‌സിനുകളുടെ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. പഠനത്തിനും പരീക്ഷണത്തിനുമായി 15,000ത്തിലധികം വാളണ്ടിയര്‍മാരെ കണ്ടെത്തിയെന്നും ഇവരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. 

ഗവേഷണത്തിനായി ആഗോള തലത്തില്‍ തന്നെ ഏറ്റവും മികച്ച നിലവാരം പിന്തുടരുമെന്നും ഈ ഘട്ടത്തില്‍ വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ടാല്‍ പരിശോധന വിജയിച്ചതായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെതിരായ വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തിലോ ലഭ്യമാക്കാനാവുമെന്ന് യുഎഇ നേരത്തെ അറിയിച്ചിരുന്നു. 

ഡിസംബര്‍ വരെ സമയമില്ല; സന്ദര്‍ശക വിസയിലുള്ളവര്‍ ഒരു മാസത്തിനകം രേഖകള്‍ ശരിയാക്കണം

click me!