കുവൈത്തിൽ വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ വൻ സിഗരറ്റ് ശേഖരം. കസ്റ്റംസ് പരിശോധനയിൽ പിടിച്ചെടുത്തത് 704 കാർട്ടൺ സിഗരറ്റ്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ നുവൈസീബ് അതിർത്തി കടന്ന് സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 704 കാർട്ടൺ സിഗരറ്റുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. രണ്ട് വ്യത്യസ്ത വാഹനങ്ങളിലായി നടന്ന കടത്തുശ്രമങ്ങളാണ് അതിർത്തിയിലെ പരിശോധന കർശനമാക്കിയതിനെ തുടർന്ന് പരാജയപ്പെടുത്തിയത്. ആദ്യത്തെ വാഹനത്തിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ, വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 200 പാക്കറ്റ് സിഗരറ്റുകൾ കണ്ടെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാൻ വേണ്ടിയായിരുന്നു ഈ വിദ്യ പ്രയോഗിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

രണ്ടാമത്തെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ 504 കാർട്ടൺ സിഗരറ്റുകൾ കണ്ടെത്തി. വാഹനത്തിന്റെ പിൻഭാഗത്തെ അലങ്കാര പാനലുകൾക്കും ഉൾഭാഗത്തെ കവറിംഗിനുമുള്ളിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. കടത്തിന് വേണ്ടി മാത്രമായി വാഹനത്തിൽ ഇത്തരം മാറ്റങ്ങൾ വരുത്തിയത് ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. പിടികൂടിയ വസ്തുക്കളും വാഹനത്തിന്റെ യാത്രാ രേഖകളും ഉൾപ്പെടുത്തി കേസ് ഫയൽ തയ്യാറാക്കി തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അതിർത്തികൾ വഴിയുള്ള കള്ളക്കടത്ത് തടയാൻ പരിശോധനകൾ ഇനിയും കർശനമായി തുടരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.