പ്രവാസികളുടെ പണം പകുതിയായി കുറയും, ഗൾഫ് പണം കൊണ്ട് വളർന്ന ചെറുപട്ടണങ്ങൾ എന്താകും?

By Web TeamFirst Published May 8, 2020, 7:05 AM IST
Highlights

കേരളത്തിലെ ജിഡിപിയുടെ 20 ശതമാനത്തോളം പ്രവാസികള്‍ അയക്കുന്ന പണമാണ്. നികുതി വരുമാനം കുറയാന്‍ പോകുന്ന ഈ അവസരത്തില്‍ ഗള്‍ഫ് പണവരവ് കൂടി കുറയുന്നതോടെ സമ്പദ് വ്യവസ്ഥ താറുമാറാകും. 

മലയാളിയുടെ പ്രവാസ ജീവിതത്തിലിത് പ്രതിസന്ധി കാലം. മടങ്ങിയെത്തിയ പ്രവാസികളുടെ മുന്നിൽ ഇനിയെന്ത്? അവര്‍ അനുഭവിച്ചതെന്ത്? നാട് അവര്‍ക്കായി കരുതിയിരിക്കുന്നത് എന്ത്? ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു. റിപ്പോർട്ട് തയ്യാറാക്കിയത് ഫൈസൽ ബിൻ അഹമ്മദ്.

കോഴിക്കോട്: ജില്ലയിലെ കൊടുവള്ളി എന്ന ചെറുപട്ടണം. സ്വര്‍ണ്ണ വ്യാപാരത്തിന് പേര് കേട്ട സ്ഥലം. ഗള്‍ഫ് പണത്തിന്‍റെ സ്വാധീനം ഏറെയുള്ള പ്രദേശം. 'സമാന്തര സാമ്പത്തികവ്യവസ്ഥ' നിലനിൽക്കുന്ന ഇടമെന്ന് തമാശയ്ക്ക് പോലും പറയുമെങ്കിലും നിതാഖത്തിന് ശേഷം കൊടുവള്ളിയെപ്പോലുള്ള ചെറുപട്ടണങ്ങൾക്ക് ദുസ്വപ്നമാണ് ഈ കൊവിഡ് കാലം. 

1980-കൾക്ക് മുമ്പ് കോഴിക്കോട്ടെ മറ്റേതൊരു ചെറിയ ഗ്രാമങ്ങളെയും പോലെയായിരുന്നു കൊടുവള്ളിയും. ചെറിയൊരു അങ്ങാടി മാത്രമുള്ള ചെറുഗ്രാമം. മിക്കവാറും എള്ലാ ചെറുപട്ടണമായി വികസിച്ചത് ഗൾഫ് കുടിയേറ്റം ശക്തമായതിന് ശേഷമാണ്. ഏത് വീട്ടിലും ഒന്നോ രണ്ടോ പ്രവാസികൾ കൊടുവള്ളിയിലുണ്ട്. കൊടുവള്ളിയെന്ന ചെറുപട്ടണത്തിലൂടെ പോകുമ്പോൾ കാണാം, നിരനിരയായി സ്വർണ്ണക്കടകൾ. ഇതെല്ലാം ഗൾഫ് തന്ന പൊന്നും പണവുമാണ്. 

നിതാഖാത്ത് ചെറിയ പ്രഹരമല്ല ഈ ചെറുപട്ടണത്തിന് മേൽ ഏൽപ്പിച്ചത്. ആ പ്രതിസന്ധിയിൽ നിന്ന് പതുക്കെ കൊടുവള്ളിയെപ്പോലുള്ള ഇടങ്ങൾ കര കയറി വരുന്നതേയുള്ളൂ. പിന്നാലെയാണ് പതിനായിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുന്ന കൊവിഡ് പ്രതിസന്ധി. തൊഴിൽ നഷ്ടവും കൊവിഡ് പശ്ചാത്തലത്തിലുള്ള ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യവും കൊടുവള്ളിയുടെ ബിസിനസ്- സാമ്പത്തിക മേഖലയെ തകർക്കും. കൊടുവള്ളിയുടേത് മാത്രമല്ല, കേരളവും കടുത്ത ആശങ്കയിലാണ്. 

കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളുടെ തിരിച്ചു വരവ് കേരളത്തിലേക്ക് എത്തുന്ന ഗള്‍ഫ് പണത്തില്‍ കാര്യമായ ഇടിവുണ്ടാക്കുമെന്നുറപ്പാണ്. ഗള്‍ഫ് പണത്തെ ആശ്രയിച്ച് നിലനില്‍ക്കുന്ന ചെറുപട്ടണങ്ങള്‍ ഇതോടെ നിര്‍ജ്ജീവമാകും. 

2019-ല്‍ പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചത് 68,841 കോടി രൂപയാണ്. കൊവിഡിന് ശേഷം ഇത് പകുതിയോളം കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

കണക്കുകൾ ഇങ്ങനെ:

കേരളത്തിലെ ജിഡിപിയുടെ 20 ശതമാനത്തോളം പ്രവാസികള്‍ അയക്കുന്ന പണമാണ്. നികുതി വരുമാനം കുറയാന്‍ പോകുന്ന ഈ അവസരത്തില്‍ ഗള്‍ഫ് പണവരവ് കുറയുന്നതോടെ സമ്പദ് വ്യവസ്ഥതാറുമാറാകും. കേരളം പോകുന്നത് കടുത്ത പ്രതിസന്ധിയിലേക്കെന്ന് തന്നെ കണക്കുകൂട്ടണം. പ്രത്യേകിച്ച് കടത്തിന് മുകളിൽ കടമെടുത്താണ് ദൈനംദിന കാര്യങ്ങൾ പോലും സംസ്ഥാനം മുമ്പോട്ട് കൊണ്ടുപോകുന്നതെന്നിരിക്കെ.

ഗൾഫ് പണമൊഴുക്ക് കുറയുന്നത് ചില്ലറ വില്‍പ്പന മേഖലയെയും ബാധിക്കും. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, എസി, ടൂവീലറുകള്‍, കാറുകള്‍ എന്നിവയുടെ വില്‍പ്പനയില്‍ വലിയ ഇടിവുണ്ടാകും.

ഒരു ലക്ഷം കോടി രൂപയാണ് കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം. ഇതില്‍ വലിയൊരു ശതമാനം പിന്‍വലിക്കപ്പെടും. ഇത് ബാങ്കുകൾക്കുണ്ടാക്കുക ചില്ലറ പ്രതിസന്ധിയാകില്ല.

മടങ്ങിയെത്തുന്ന പ്രവാസികളില്‍ ചുരുങ്ങിയത് രണ്ട് ലക്ഷം പേരെങ്കിലും തൊഴില്‍ നഷ്ടപ്പെട്ടവരായിരിക്കുമെന്നാണ് കണക്ക്. പ്രവാസികളെ മുന്‍നിര്‍ത്തിയുള്ള പുനരധിവാസ പാക്കേജ് വേണമെന്നാണ് ഉയരുന്ന ആവശ്യം.

click me!