
റിയാദ്: കഴിഞ്ഞ ഡിസംബറിലാണ് കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ ഷബ്‌നാസിന്റെയും ഷഹനാസിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം രണ്ട് മാസം ഒരുമിച്ച് ജീവിച്ച് ഷബ്‌നാസ് ജോലിക്കായി സൗദിയിലേക്ക് മടങ്ങി. ഇത് ഇനിയൊരിക്കലും മടക്കമില്ലാത്തയാത്രയാകുമെന്ന് അവര്‍ കരുതിയിരിക്കില്ല. വലിയ ലക്ഷണങ്ങളൊന്നുമില്ലാതെയെത്തിയ കൊവിഡ് 19 ഷബ്‌നാസിന്റെ ജീവനെടുത്തു. മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ വച്ച് ഷബ്‌നാസ് മരിച്ചു. നാട്ടിലേക്ക് മൃതദേഹം എത്തിക്കാനാകില്ല എന്നതിനാല്‍ സൗദിയില്‍ തന്നെ സംസ്‌കരിക്കാന്‍ ഭാര്യ ഷഹനാസ് സമ്മതം നല്‍കി.
പനി ഉണ്ടായിരുന്നെങ്കിലും തുടക്കത്തില്‍ ചികിത്സ തേടാഞ്ഞതാണ് രോഗം മൂര്‍ഛിക്കാന്‍ കാരണമായത്. കൂടെയുള്ളവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ കൊവിഡ് ബാധയാണെന്ന സംശയം ഉണ്ടായിരുന്നില്ല എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എട്ടുമാസം മുമ്പ് കല്യാണം ഉറപ്പിച്ചുവച്ചതായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നാട്ടിലെത്തി ഷഹനാസിനെ ഷബ്‌നാസ് ജീവത സഖിയാക്കി. രണ്ടുമാസം ഒപ്പം താമസിച്ച് മാര്‍ച്ച് 10ന് ജോലിക്ക് തിരികെ പ്പോയി. കെഎഫ്‌സിയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു സൗദിയില്‍ താമസം.
ഇടയ്ക്ക് പനിവന്നു. ജലദോഷപ്പനി ആണെന്ന് കരുതി ആശുപത്രിയില്‍ പോകാതെ ചില ടാബ്ലറ്റുകള്‍ കഴിച്ചു. നാല് ദിവസം കഴിഞ്ഞ് രോഗം മൂര്‍ഛിച്ചതോടെയാണ് മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ ചികിത്സതേടിയത്. ദുബായിലുള്ള സഹോദരനോട് മാത്രമായിരുന്നു ഷബ്‌നാസ് രോഗവിവരങ്ങള്‍ പറഞ്ഞിരുന്നത്. ആശുപത്രിയില്‍ നിന്ന് വാട്‌സാപ്പ് വഴി ഓഡിയോ അയച്ചു കൊടുക്കുമായിരുന്നു. ഈ ഓഡിയോകള്‍ നാട്ടിലെ കുടുംബത്തിന് സഹോദരന്‍ അയച്ചുകൊടുത്തിരുന്നു. രോഗത്തെക്കുറിച്ച് ഇത് മാത്രമാണ് ഓട്ടോ ഡ്രൈവറായ പിതാവ് മമ്മുവിന് അറിവുള്ളത്.
കൊവിഡ് സ്ഥിരീകരിച്ച് മൂന്ന് ദിവസത്തിനകം ഷബ്‌നാസ് മരിച്ചു. ഷബ്‌നാസ് ഗള്‍ഫില്‍ പോയതിന് ശേഷമാണ് കുടുംബം സാമ്പത്തികമായി കരകയറിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam