ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയാറായിരം കടന്നു; 167 മരണം

By Web TeamFirst Published Apr 20, 2020, 3:03 PM IST
Highlights

സൗദി അറേബ്യയിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 9362 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 83 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഇരുപത്തിയാറായിരം കടന്നു. വൈറസ് ബാധിച്ച് ഇതുവരെ 167 പേര്‍ മരിച്ചു. സൗദിയില്‍ രോഗബാധിതരില്‍ 83 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

സൗദി അറേബ്യയിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 9362 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 83 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 1088 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചപ്പോള്‍ അഞ്ച് പേര്‍ മരിച്ചു. അതേസമയം വൈറസ് പടരാന്‍ കാരണം വിദേശികളാണെന്ന തരത്തിലുളള പ്രചരണങ്ങള്‍ക്കെതിരെ  രൂക്ഷ മറുപടിയുമായി സൗദി രാജ കുടുംബാംഗം പ്രിന്‍സ് അബ്ദുറഹ്മാന്‍ ബിന്‍ മുസാഇദ് രംഗത്തെത്തി. 

വിദേശ തൊഴിലാളികള്‍ക്കിടയില്‍ വൈറസ് വ്യാപകമാവുന്നതിനുള്ള കാരണം അവരുടെ ജീവിത സാഹചര്യങ്ങളാണ്. ഒറ്റമുറിയില്‍ 20 വിദേശികള്‍ താമസിക്കുന്നത് രോഗം പടര്‍ത്തുന്നു. ഇത് അവരുടെ തെറ്റല്ലെന്നും രാജകുമാരന്‍ ട്വീറ്റ് ചെയ്തു. യുഎഇയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 6782 ആയി. 41 പേർ മരിച്ചു. ഖത്തര്‍ 5448, കുവൈത്ത് 1915, ബഹറൈന്‍ 1873, ഒമാന്‍ 1266 എന്നിങ്ങനെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം. 

കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. കാലാവധിയുള്ള പാസ്പോർട്ട് കൈവശമുള്ള ഇന്ത്യക്കാരുടെ രജിസ്ട്രേഷനാണ് ഇപ്പോൾ നടക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരെ മെയ് നാല് മുതല്‍ കുവൈറ്റ് എയര്‍വെയ്സില്‍ സൗജന്യമായി ഇന്ത്യയിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

click me!