ഖത്തറില്‍ അടുത്ത 14 ദിവസം നിര്‍ണായകം; രോഗകളുടെ എണ്ണം കൂടുമെന്ന് അധികൃതര്‍

By Web TeamFirst Published Mar 26, 2021, 1:11 PM IST
Highlights

കഴിഞ്ഞ രണ്ടാഴ്‍ചയായി രോഗികളുടെ എണ്ണം കൂടുകയും ഗുരുതരമായ രോഗലക്ഷണങ്ങളോടെ നിരവധിപ്പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്‍തതോടെ സാഹചര്യം മോശമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

ദോഹ: ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നതായും അടുത്ത പത്തു മുതല്‍ 14 ദിവസം വരെ രോഗികളുടെ എണ്ണം കുടാനാണ് സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് കൊവിഡ് പ്രതിരോധത്തിനായുള്ള പ്രത്യേക കമ്മിറ്റിയുടെ അധ്യക്ഷന്‍ ഡോ. അബ്‍ദുല്‍ ലത്തീഫ് അല്‍ ഖാലാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ രണ്ടാഴ്‍ചയായി രോഗികളുടെ എണ്ണം കൂടുകയും ഗുരുതരമായ രോഗലക്ഷണങ്ങളോടെ നിരവധിപ്പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്‍തതോടെ സാഹചര്യം മോശമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് കഴിഞ്ഞയാഴ്‍ച രോഗം സ്ഥിരീകരിച്ചു. രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുകയാണ്. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസിന്റെ വ്യാപനം തടയാന്‍ പലമാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കിലും ലോകത്തെ മറ്റ് പല രാജ്യങ്ങളിലുമുള്ളത് പോലെ യു.കെയില്‍ നിന്നുള്ള  പുതിയ വൈറസ് ബാധിച്ച നിരവധി കേസുകളും ഇപ്പോള്‍ കണ്ടുവരുന്നു.

ഖത്തറില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിക്കാന്‍ യു.കെയില്‍ നിന്നുള്ള ജനിതക വ്യാപനം സംഭവിച്ച കൊവിഡ് വൈറസ് പ്രധാന കാരണമായെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വ്യാപന ശേഷിക്ക് പുറമെ കുറേക്കൂടി ശക്തമായ രോഗലക്ഷണങ്ങള്‍ ഈ വൈറസ് ബാധയേറ്റവരില്‍ പ്രകടമാകുന്നുണ്ടെന്നും ചികിത്സാ രേഖകള്‍ വ്യക്തമാക്കുന്നു. 

ദക്ഷിണാഫ്രിക്കയില്‍ തിരിച്ചറിഞ്ഞ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസും ഖത്തറിലേക്ക് മടങ്ങിയെത്തിയ ഏതാനും പേരില്‍ അടുത്തിടെ കണ്ടെത്തി. ആഫ്രിക്കയില്‍ നിന്നുള്ള വൈറസ് സമൂഹത്തില്‍ പടരാതിരിക്കാന്‍ പുതിയ നിയന്ത്രണങ്ങള്‍ സഹായകമാവും. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ പുതിയ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യം ഉണ്ടാകുമെന്നും അത് തടയാന്‍ എല്ലാവരും ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

click me!