
മനാമ: ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൊവിഡ് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന പ്രാബല്യത്തില്‍ വന്നു. കുട്ടികളും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമാണ്.
എന്നാല്‍ പുതിയ നിയമം അറിയാതെ ബഹ്‌റൈനിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ ഏതാനും പേരെ തിരികെ അയച്ചു. തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയവരില്‍ നാല് കുട്ടികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു. മൂന്ന് യാത്രക്കാര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് ഇവരെ തിരിച്ചയച്ചു. തിങ്കളാഴ്ച അര്‍ധരാത്രി കഴിഞ്ഞ് ബഹ്‌റൈനില്‍ എത്തുന്നതിനാലാണ് ഈ വിമാനത്തിലെ യാത്രക്കാര്‍ക്ക് നിബന്ധന ബാധകമാക്കിയത്.
ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഒരു അറിയിപ്പില്‍ ആറ് വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിബന്ധന. എന്നാല്‍ എയര്‍ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ അറിയിപ്പില്‍ എല്ലാ യാത്രക്കാര്‍ക്കും പരിശോധന വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബഹ്‌റൈന്‍ വിമാനത്താവളത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും ഗള്‍ഫ് എയര്‍ കോഴിക്കോട്ടെ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ അറിയിപ്പിലും എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ബഹ്റൈനിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. സര്‍ട്ടിഫിക്കറ്റില്‍ ക്യു ആര്‍ കോഡും ഉണ്ടാകണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഏപ്രില്‍ 27 മുതലാണ് ഈ നിബന്ധന പ്രാബല്യത്തില്‍ വന്നത്. ഏത് രാജ്യത്തുനിന്നും ബഹ്റൈനിലെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ വെച്ച് കൊവിഡ് പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. ബഹ്റൈനിലെത്തി അഞ്ചാം ദിവസവും പത്താം ദിവസും വീണ്ടും പരിശോധനകള്‍ നടത്തണം. ഇവയുടെ ചെലവുകള്‍ യാത്ര ചെയ്യുന്നയാള്‍ തന്നെ വഹിക്കുകയും വേണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ