ഒമാനില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു; രാത്രി സമയത്തെ വ്യാപാര വിലക്ക് നീക്കി

By Web TeamFirst Published Jun 2, 2021, 8:32 PM IST
Highlights

കടകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും, റസ്റ്റോറന്റുകളിലും കഫേകളിലും പരമാവധി ശേഷിയുടെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇവിടങ്ങളില്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാം.

മസ്‍കത്ത്: ഒമാനിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തെ പള്ളികള്‍ അഞ്ചു നേരത്തെ നമസ്‍കാരങ്ങള്‍ക്കായി തുറക്കാന്‍ അനുവദിക്കുന്നതിനൊപ്പെം ഇപ്പോള്‍ നിലവിലുള്ള രാത്രി വ്യാപാര വിലക്കും പിന്‍വലിച്ചു.

പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരമാവധി 100 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. വെള്ളിയാഴ്‍ചകളിലെ ജുമുഅ നമസ്‍കാരങ്ങള്‍ക്ക് അനുമതിയില്ല. രാജ്യത്ത് ഇപ്പോള്‍ രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ പ്രാബല്യത്തിലുള്ള വ്യാപാര വിലക്കും പിന്‍വലിക്കും. കടകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും, റസ്റ്റോറന്റുകളിലും കഫേകളിലും പരമാവധി ശേഷിയുടെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇവിടങ്ങളില്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാം.

എക്സിബിഷനുകള്‍, വിവാഹ ഹാളുകള്‍, ആളുകള്‍ ഒത്തുചേരുന്ന മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതിയുണ്ട്. ആകെ ശേഷിയുടെ 30 ശതമാനം പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. എത്ര വലിയ ഹാളാണെങ്കിലും മുന്‍കരുതല്‍ നിര്‍ദേശങ്ങളെല്ലാം പാലിച്ചുകൊണ്ട് പരമാവധി 300 പേര്‍ക്കാണ് അനുമതി. ഒമാനില്‍ താമസിച്ചുകൊണ്ട് മറ്റ് ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതിര്‍ത്തി കടന്ന് യാത്ര ചെയ്യാം. ഇതിനായി ഇവര്‍ തൊഴിലുടമയില്‍ നിന്നുള്ള രേഖ ഹാജരാക്കണം.

എല്ലാത്തരത്തിലുമുള്ള ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ബീച്ചുകളിലും പബ്ലിക് പാര്‍ക്കുകളിലും പ്രവേശിക്കാം. ഇവിടങ്ങളിലും എല്ലാ സുരക്ഷാ നിബന്ധനകളും പാലിക്കണം. ഔട്ട്ഡോര്‍ ഗ്രൂപ്പ് സ്‍പോര്‍ട്സിനും അനുമതിയുണ്ട്. ജിമ്മുകള്‍ക്ക് 50 ശതമാനം ആളുകളെ വെച്ച് പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലെ അതിഥികള്‍ക്കും ക്ലബുകളിലെ അംഗങ്ങള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സ്വിമ്മിങ് പൂളുകളും ജിമ്മുകളും ഉപയോഗിക്കാം. 

click me!