
മസ്കറ്റ്: ഒമാനില്‍ കൊവിഡ് 19 മൂലമുള്ള നാലാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ മത്രാ വിലായത്തില്‍ കൊവിഡ് 19 പരിശോധനകള്‍ കര്‍ശനമാക്കി. പരിശോധന ശക്തമാക്കിയതോടു കൂടി രോഗബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്.
ഇതിനകം മത്രാ വിലായത്തിൽ രണ്ട് കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മത്രാ വിലായത്തിലെ സ്ഥിര താമസക്കാരില്‍ പനി, ചുമ, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങളുള്ള എല്ലാ സ്വദേശികളും വിദേശികളും കൊവിഡ് 19 പരിശോധനക്ക് വിധേയരാകണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശോധനാ സമയം എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ്. കോവിഡ് പരിശോധനയും രോഗം കണ്ടെത്തിയാൽ ചികിത്സയും വിദേശികൾക്ക് സൗജന്യമാണ്. തുടർചികിത്സ ആവശ്യമുള്ള രോഗികൾക്ക് സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് റോയൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചിട്ടുണ്ട്. ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ രോഗികൾക്ക് ഡോക്ടറുമായി സംവദിക്കുവാനും കഴിയും.
കൊവിഡ് 19 പ്രതിരോധത്തിനായി നിർദ്ദേശിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സ്ഥാപനങ്ങൾ അടച്ചിട്ടതായും ഒമാൻ വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. കൊവിഡ് പ്രതിസന്ധി മൂലം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ച രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളോട് ജീവനക്കാർക്കും തൊഴിലാളികൾക്കും കൃത്യമായി ശമ്പളം ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിൽ ഉറപ്പു വരുത്തണമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.
അതേസമയം ഒമാനിൽ ഞായറാഴ്ച 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 599 ആയി. വൈറസ് ബാധിച്ച് നാലാമത്തെ മരണം ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. 37കാരനായ പ്രവാസി തൊഴിലാളിയാണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഒമാനിൽ മരിക്കുന്ന രണ്ടാമത്തെ വിദേശിയാണ് ഇന്നലെ മരിച്ച 37കാരൻ .
കൊവിഡ് 19 മൂലം ആദ്യ മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് മാർച്ച് 31നായിരുന്നു. രണ്ടാമത്തെ മരണം ഏപ്രിൽ 4 ശനിയാഴ്ചയും , മൂന്നാമത്തെ മരണം ഏപ്രിൽ 9നുമാണ് റിപ്പോർട്ട് ചെയ്തത്. 70 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് ഒമാൻ സ്വദേശികളാണ് കൊവിഡ് ബാധിച്ച് ഒമാനിൽ മരിച്ച മറ്റു രണ്ടുപേര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam