കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നു, ഇത് റഡാർ സംവിധാനത്തെ ബാധിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തെ ബാധിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. പ്രതിസന്ധി ആരംഭിച്ചതിന് ശേഷം നിലവിലുള്ള അടിയന്തര പ്രവർത്തന പദ്ധതി പ്രകാരം ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി പൂർണ ഏകോപനത്തോടെ സംഭവം കൈകാര്യം ചെയ്തതായി അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ സിവിൽ വ്യോമഗതാഗതത്തിന്‍റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ചുമതലയിലുള്ള സ്ഥലത്ത് ഒരു ഡ്രോൺ വിജയകരമായി വെടിവച്ച് വീഴ്ത്തിയതായി കുവൈത്ത് നാഷണൽ ഗാർഡ് ശനിയാഴ്ച അറിയിച്ചു. പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുകയും ഭീഷണികളെ നേരിടുകയും ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

പൗരന്മാരും താമസക്കാരും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നാഷണൽ ഗാർഡ് അഭ്യർത്ഥിച്ചു. കൂടാതെ, യൂണിറ്റുകൾ ഉയർന്ന ജാഗ്രതയോടെയും പൂർണ സജ്ജതയോടെയും പ്രവർത്തിക്കുന്നതായും, കുവൈത്ത് സായുധ സേന, കുവൈത്ത് പൊലീസ്, കുവൈത്ത് ഫയർ ഫോഴ്‌സ് എന്നിവരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.