കൊവിഡ് വാക്സിന്‍ കാമ്പയിനുമായി സഹകരിക്കണമെന്ന് യുഎഇ ഫത്‍വ കൗണ്‍സില്‍

By Web TeamFirst Published Dec 23, 2020, 11:57 AM IST
Highlights

ഇപ്പോള്‍ സംശയമുയര്‍ത്തുന്ന ഈ വാക്സിനില്‍ ഇസ്ലാം വിലക്കേര്‍പ്പെടുത്തിയ, ഹലാല്‍ അല്ലാത്ത വസ്‍തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ പോലും മറ്റൊരു മാര്‍ഗവുമില്ലാത്ത സാഹചര്യത്തില്‍ അത്തരം വസ്‍തുക്കള്‍ ഉപയോഗിക്കാമെന്ന ഇസ്ലാമിക നിയമം ഇവിടെയും ബാധകമാണ്.

അബുദാബി: കൊവിഡ് വാക്സിന്‍ കാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും യുഎഇ ഫത്‍വാ കൗണ്‍സിലിന്റെ ആഹ്വാനം. മതപരമായ വിധികള്‍ പ്രകാരം തന്നെ മനുഷ്യ ശരീരത്തിന്റെ സംരക്ഷണം മുന്‍നിര്‍ത്തി വാക്സിന്‍ അനുവദനീയമാണെന്ന് ശൈഖ് അബ്‍ദുല്ല ബിന്‍ ബയ്യാഹിന്റെ അധ്യക്ഷതയിലുള്ള കൗണ്‍സില്‍ വ്യക്തമാക്കി. 

കൊവിഡ് വാക്സിന്‍ ഹലാല്‍ ആണോ എന്നത് സംബന്ധിച്ച് അറബ് രാജ്യങ്ങളില്‍ വിവിധ കോണുകളില്‍ നിന്ന്  ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യുഎഇ ഫത്‍വ കൗണ്‍സിലിന്റെ ഇടപെടല്‍. ഇസ്ലാമിക വിശ്വാസം ആവശ്യപ്പെടുന്നത് പോലെ വ്യക്തികള്‍ക്കുള്ള പ്രതിരോധ നടപടിയായാണ് കൊവിഡ് വാക്സിനേഷനെ കണക്കാക്കുന്നത്. വിശേഷിച്ചും മഹാമാരികളുടെ സമയത്ത് രോഗബോധയേല്‍ക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. അത് സമൂഹത്തിന് ആകമാനം ഭീഷണിയാവുകയും ചെയ്യുമെന്നും കൗണ്‍സില്‍ വിശദീകരിക്കുന്നു. 

ഇപ്പോള്‍ സംശയമുയര്‍ത്തുന്ന ഈ വാക്സിനില്‍ ഇസ്ലാം വിലക്കേര്‍പ്പെടുത്തിയ, ഹലാല്‍ അല്ലാത്ത വസ്‍തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ പോലും മറ്റൊരു മാര്‍ഗവുമില്ലാത്ത സാഹചര്യത്തില്‍ അത്തരം വസ്‍തുക്കള്‍ ഉപയോഗിക്കാമെന്ന ഇസ്ലാമിക നിയമം ഇവിടെയും ബാധകമാണ്. അതിവേഗം പടര്‍ന്നുപിടിക്കുന്ന ഈ രോഗം ശാരീരികമായും മറ്റ് തരത്തിലുമുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ തന്നെ വാക്സിനുകള്‍ ഉപയോഗിക്കാനുള്ള ന്യായീകരണമാണെന്നും കൗണ്‍സില്‍ അറിയിച്ചു.

ആരോഗ്യ വിഭാഗം അധികൃതരും വിദഗ്ധരുമെല്ലാം വാക്സിനുകളുടെ പാര്‍ശ്വ ഫലങ്ങള്‍ പരിശോധിക്കാന്‍ അധികാരപ്പെട്ടവരാണ്. എല്ലാവരും അതത് സര്‍ക്കാറുകളുടെ നിര്‍ദേശങ്ങളുമായി സഹകരിച്ച് വാക്സിന്‍ കാമ്പയിനുകളുടെയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും  വിജയം ഉറപ്പാക്കണമെന്നും ഫത്‍വ കൗണ്‍സില്‍ ആഹ്വാനം ചെയ്യുന്നു.

click me!