Latest Videos

മതത്തെ അപമാനിച്ചു, സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് സ്വദേശിയെ ഭീഷണിപ്പെടുത്തി; യുഎഇയില്‍ പ്രവാസി യുവതിക്ക് ജയില്‍ ശിക്ഷ

By Web TeamFirst Published Aug 8, 2019, 3:10 PM IST
Highlights

 ഇരുവരുമൊന്നിച്ചുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സ്വദേശിയുടെ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും കാണിക്കുമെന്ന് പറഞ്ഞ് നിരവധി വാട്സ്ആപ് ഓഡിയോ സന്ദേശങ്ങള്‍ യുവതി അയച്ചിരുന്നു. ഭീഷണിക്ക് വഴങ്ങി ഇയാള്‍ പണം നല്‍കാന്‍ തയ്യാറായെങ്കിലും പിന്നീട് അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ദുബായ്:  സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് സ്വദേശിയെ ഭീഷണിപ്പെടുത്തുകയും മതത്തെ അപമാനിക്കുകയും ചെയ്ത യുവതിക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. മൊറോക്കോക്കാരിയായ 35 വയസുകാരിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ നല്‍കാനും അതിന് ശേഷം നാടുകടത്താനുമാണ് ദുബായ് കോടതി ഉത്തരവിട്ടത്. ദുബായിലെ ഒരു ക്ലബില്‍ നര്‍ത്തകിയായിരുന്ന യുവതി, സ്വദേശിയുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ബന്ധം അവസാനിപ്പിച്ച ശേഷം പഴയ വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. 

1.40 ലക്ഷം ദിര്‍ഹവും മാസാമാസം 4500 ദിര്‍ഹം വീതവും നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇരുവരുമൊന്നിച്ചുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സ്വദേശിയുടെ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും കാണിക്കുമെന്ന് പറഞ്ഞ് നിരവധി വാട്സ്ആപ് ഓഡിയോ സന്ദേശങ്ങള്‍ യുവതി അയച്ചിരുന്നു. ഭീഷണിക്ക് വഴങ്ങി ഇയാള്‍ പണം നല്‍കാന്‍ തയ്യാറായെങ്കിലും പിന്നീട് അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് താന്‍ യുവതിയെ പരിചയപ്പെട്ടതെന്ന് സ്വദേശിയുടെ പരാതിയില്‍ പറയുന്നു. രണ്ട് കുട്ടികളുണ്ടായിരുന്ന ഇവരെ താന്‍ സാമ്പത്തികമായി സഹായിച്ചു. തന്റെ ഭാര്യയെും മക്കളെയും കുടുംബത്തെയും കുറിച്ചൊക്കെ സംസാരിച്ചു. പിന്നീട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും യുവതി അത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ നെറ്റ് ക്ലബിലെ നര്‍ത്തകിയായി ജോലി ചെയ്യരുതെന്നും മദ്യപാനം ഉപേക്ഷിക്കണമെന്നും താന്‍ ഉപാധിവെച്ചു. ഇത് രണ്ടും അംഗീകാരിക്കാന്‍ യുവതി തയ്യാറാവാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ബന്ധം ഉപേക്ഷിച്ചു. തുടര്‍ന്ന് പഴയ മൊബൈല്‍ നമ്പറും മാറ്റി.

ഇതിനുശേഷവും യുവതി തന്റെ സുഹൃത്തുക്കളോട് തന്നെ അന്വേഷിക്കുന്നതായി മനസിലാക്കിയതോടെ 5500 ദിര്‍ഹം കൂടി അയച്ചുകൊടുത്തു. പിന്നീട് പഴയ നമ്പര്‍ സ്വിച്ച് ഓഫാക്കുകയായിരുന്നു. എന്നാല്‍ സുഹൃത്തുക്കളില്‍ നിന്ന് തന്റെ പുതിയ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച യുവതി പണം ചോദിച്ച് വിളിച്ചു. 1.40 ലക്ഷം ദിര്‍ഹവും എല്ലാ മാസവും 4500 ദിര്‍ഹം വീതം നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ തങ്ങളുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. അവധിക്കാലം ആഘോഷിക്കാന്‍ തങ്ങള്‍ സ്‍പെയിനില്‍ പോയപ്പോള്‍ അവിടെ വെച്ചെടുത്ത രണ്ട് വീഡിയോ ദൃശ്യങ്ങള്‍ വാട്‍സ്ആപില്‍ അയച്ചുനല്‍കുകയും ചെയ്തു. ഇയാളുടെ ഫോണില്‍ നിന്ന് അടുത്ത ബന്ധുക്കളുടെയെല്ലാം നമ്പര്‍ യുവതി കൈക്കലാക്കിയിരുന്നു.

ഇതോടെയാണ് പരാതി പൊലീസിന് മുന്നിലെത്തിയത്. വൃദ്ധയായ തന്റെ മാതാവ് ഇങ്ങനെയൊരു ബന്ധത്തെക്കുറിച്ച് അറിഞ്ഞാലുണ്ടാകാവുന്ന പ്രത്യാഘാതം ഓര്‍ത്താണ് താന്‍ പരാതി നല്‍കിയതെന്ന് ഇയാള്‍ പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. നിരവധി വോയിസ് ക്ലിപ്പുകളും സ്വകാര്യ വീഡിയോകളും പൊലീസ് കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍ താന്‍ മദ്യ ലഹരിയിലാണ് ആ സന്ദേശങ്ങള്‍ അയച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കേസ് പരിഗണിച്ച കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു.

click me!