സൗദി അരാംകോയുടെ റാസ് തന്നൂറ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ വീണ്ടും ആക്രമണം. ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. രാവിലെ നടന്ന ഈ ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തി.
റിയാദ്: സൗദി അറേബ്യയിലെ റാസ് തന്നൂറ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണ ശ്രമമുണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ചയുണ്ടായ ഈ ആക്രമണ നീക്കത്തിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ നടന്ന ഈ ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായും ഇന്ധന വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഊർജ്ജ മന്ത്രാലയ വക്താവ് അറിയിച്ചു.
ആക്രമണം രണ്ടാം തവണ
റാസ് തനൂറയിലുള്ള സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ മുമ്പും ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. വിദേശ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരുന്നു. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചിരുന്നു. ആകാശത്തുവെച്ച് തന്നെ സൈന്യം ഡ്രോണുകളെ വെടിവെച്ചിട്ടു. തകർക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് പ്ലാൻറിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടായെങ്കിലും ഉടൻ തന്നെ അത് നിയന്ത്രണവിധേയമാക്കി. ഇറാൻ ബന്ധമുള്ള ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തകർത്തു
ബുധനാഴ്ച സൗദി അറേബ്യയുടെ ആകാശപരിധിയിൽ പ്രവേശിച്ച രണ്ട് ക്രൂയിസ് മിസൈലുകളും 10 ഡ്രോണുകളും വ്യോമപ്രതിരോധ സേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. അൽ ഖർജ് മേഖലയിൽ വെച്ചാണ് മിസൈലുകൾ തകർത്തത്. ഇതിനുപുറമെ രാജ്യത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളിലായി ഒമ്പത് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിൽ ഒരു ഡ്രോണും തകർത്തതായും അദ്ദേഹം വ്യക്തമാക്കി.


