Latest Videos

അബുദാബിയില്‍ ജനുവരി രണ്ട് മുതല്‍ ടോള്‍ നിലവില്‍ വരും; പൂര്‍ണ വിവരങ്ങള്‍ ഇങ്ങനെ

By Web TeamFirst Published Dec 26, 2020, 2:36 PM IST
Highlights

രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് വരെയും വൈകുന്നേരം അഞ്ച് മണി മുതല്‍ ഏഴ് മണിവരെയും മാത്രമേ ടോള്‍ ഈടാക്കുകയുള്ളൂ. അല്ലാത്ത സമയങ്ങളില്‍ യാത്ര ചെയ്യുന്നതിന് ടോള്‍ വേണ്ട. 

അബുദാബി: ജനുവരി രണ്ട് മുതല്‍ അബുദാബിയില്‍ ടോള്‍ സംവിധാനം നിലവില്‍ വരുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ ഓരോ തവണയും ടോള്‍ ഗേറ്റിലൂടെ കടന്നുപോകുമ്പോള്‍ നാല് ദിര്‍ഹമായിരിക്കും ഈടാക്കുക. ഒരു ദിവസം ഇങ്ങനെ പരമാവധി 16 ദിര്‍ഹമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. 

രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് വരെയും വൈകുന്നേരം അഞ്ച് മണി മുതല്‍ ഏഴ് മണിവരെയും മാത്രമേ ടോള്‍ ഈടാക്കുകയുള്ളൂ. അല്ലാത്ത സമയങ്ങളില്‍ യാത്ര ചെയ്യുന്നതിന് ടോള്‍ വേണ്ട. സ്വദേശികളായ മുതിര്‍ന്ന പൗരന്മാര്‍, ജോലിയില്‍ നിന്ന് വിരമിച്ച സ്വദേശികള്‍, ഭിന്നശേഷിക്കാര്‍, താഴ്‍ന്ന വരുമാനക്കാരായ സ്വദേശികള്‍ എന്നിവരെ ടോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ആംബുലന്‍സ്, സൈനിക വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ്, മറ്റ് എമിറേറ്റുകളില്‍ നിന്നുള്ള പൊലീസ് വാഹനങ്ങള്‍, ആഭ്യന്തര മന്ത്രാലയത്തിലെ വാഹനങ്ങള്‍, അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്‍ത പബ്ലിക് ടാക്സികള്‍, ഐ.സി.ടിയുടെ അനുമതിയുള്ള സ്‍കൂള്‍ ബസുകള്‍, 26ല്‍ അധികം യാത്രക്കാരുള്ള ട്രാന്‍സ്‍പോര്‍ട്ട് ബസുകള്‍, മോട്ടോര്‍ ബൈക്കുകള്‍, കെട്ടിവലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവയെയും ടോളില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ഇളവുള്ള വാഹനങ്ങളും 'ദര്‍ബ്' വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.  രജിസ്റ്റര്‍ ചെയ്‍ത ശേഷം ഇളവിന് അപേക്ഷിക്കാനാവും.

സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രതിമാസ ടോള്‍ പരിധിയുമുണ്ട്. ആദ്യത്തെ വാഹനത്തിന് 200 ദിര്‍ഹവും രണ്ടാമത്തെ വാഹനത്തിന് 150 ദിര്‍ഹവുമായിരിക്കും നിരക്ക്. പിന്നീടുള്ള ഓരോ വാഹനത്തിനും 100 ദിര്‍ഹം വീതം ഈടാക്കും. എന്നാല്‍ പ്രിതിദിന, പ്രതിമാസ പരിധികള്‍ കമ്പനി വാഹനങ്ങള്‍ക്ക് ബാധകമല്ല. ശൈഖ് സായിദ് ബ്രിഡ്‍ജ്, ശൈഖ് ഖലീഫ ബ്രിഡ്‍ജ്, മുസഫ ബ്രിഡ്‍ജ്, അല്‍ മഖ്‍ത ബ്രിഡ്‍ജ് എന്നിവിടങ്ങളിലാണ് ടോള്‍ ഗേറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

https://darb.itc.gov.ae/RucWeb/login എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ ദര്‍ബ് മൊബൈല്‍ ആപ് വഴിയോ ടോള്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഒരു വാഹനത്തിന് 100 ദിര്‍ഹമാണ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കേണ്ട കുറഞ്ഞ തുക. ഇതില്‍ 50 ദിര്‍ഹം അക്കൌണ്ടിലേക്ക് തിരികെ വരും. ഇത് ടോള്‍ നല്‍കാനായി ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗതാഗത വകുപ്പുമായി 800 88888 എന്ന നമ്പറില്‍ ബന്ധപ്പെടാം.

click me!