ഓസ്ട്രേലിയയിൽ പുതിയ ജീവിതം സ്വപ്നം കണ്ടവർ, ചേതനയറ്റ് നാട്ടിലേക്ക്; ബിൻസിക്കും സൂരജിനും യാത്രാമൊഴിയേകി കുവൈത്ത്

Published : May 05, 2025, 05:37 PM IST
ഓസ്ട്രേലിയയിൽ പുതിയ ജീവിതം സ്വപ്നം കണ്ടവർ, ചേതനയറ്റ് നാട്ടിലേക്ക്; ബിൻസിക്കും സൂരജിനും യാത്രാമൊഴിയേകി കുവൈത്ത്

Synopsis

ഇന്ന് രാത്രിയിലെ വിമാനത്തിൽ സൂരജ്, ബിൻസി എന്നിവരുടെ മൃതദേഹങ്ങൾ കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അയക്കും. 

കുവൈത്ത് സിറ്റി: കുവൈത്തിൽ മരിച്ച നഴ്സ് ദമ്പതികൾക്ക് പ്രവാസലോകത്തിന്‍റെ അന്ത്യാഞ്ജലി. കൊല്ലപ്പെട്ട എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി എന്നിവരുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന്‌ ശേഷം സഭാ ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ നിറകണ്ണുകളോടെയാണ് നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിച്ചത്.

മൃതദേഹത്തില്‍ കുവൈത്തിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖരും, സുഹൃത്തുക്കളും, സഹപ്രവർത്തകരും അന്തിമോപചാരം അര്‍പ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടുകൂടിയാണ് മൃതദേഹങ്ങൾ  പൊതുദര്‍ശനത്തിനായി സഭാ മോർച്ചറിയിൽ എത്തിച്ചത്. നേരത്തെ തന്നെ നൂറുകണക്കിനാളുകൾ മൃതദേഹങ്ങൾ കാണാനായി തടിച്ചുകൂടിയിരുന്നു. പൊതുദർശനത്തിന് ശേഷം വൈകുന്നേരത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രിയിലെ വിമാനത്തിൽ സൂരജ്, ബിൻസി എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കും. കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് ചേക്കേറാനായി തയ്യാറെടുത്ത് ഒരുങ്ങിയിരുന്ന സൂരജ്, ബിൻസി ദമ്പതികൾ അവസാനം കൊച്ചു കുട്ടികളെ അനാഥരാക്കി ജന്മ നാട്ടിലെ ആറടിമണ്ണിലേക്ക് യാത്രയാവും.  

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ നഴ്സ് ദമ്പതികളുടെ കൊലപാതകം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണപ്പെട്ടത്. രണ്ടുപേരും കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു.

പൊലീസ് റിപ്പോർട്ട് പ്രകാരം, തലേ ദിവസം രാത്രിയിൽ ഫ്ലാറ്റിൽ നിന്നും ദമ്പതികൾ തമ്മിലുള്ള വഴക്കിന്റെയും സ്ത്രീയിൽ നിന്നുള്ള നിലവിളിശബ്ദങ്ങളും കേട്ടതായും അയൽക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്ലാറ്റ് സെക്യൂരിറ്റി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് വിവരം അറിയിക്കുകയും പൊലീസ് അബ്ബാസിയയിലെ സംഭവസ്ഥലത്തെ ഫ്ലാറ്റിന്റെ ഡോർ തകർത്ത് അപ്പാർട്ട്മെന്റിൽ പ്രവേശിച്ചപ്പോൾ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു. കഴുത്തറത്ത നിലയിൽ രക്തത്തിൽ കുളിച്ച് ഹാളിൽ ബിൻസിയുടെ മൃതദേഹവും തൊട്ടടുത്ത് ആത്മഹത്യ ചെയ്ത നിലയിൽ സൂരജിനെയും കണ്ടെത്തി.

Read Also -  മക്കളെ നാട്ടിലാക്കി മടക്കം; കുവൈത്തിലെ ഫ്ലാറ്റിൽ നടന്നത് ദാരുണ സംഭവങ്ങൾ, ദമ്പതികളുടെ മൃതദേഹം നാട്ടിലേക്ക്

ദിവസങ്ങൾക്ക് മുൻപാണ് രണ്ടുപേരും മക്കളായ  ഈവ്ലിൻ , എയ്ഡൻ എന്നിവരെ നാട്ടിലാക്കി ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷം  തിരിച്ച് കുവൈത്തിലെത്തിയത്. രണ്ടുപേരും കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് പോകാനായി നടപടികൾ പൂർത്തിയാക്കി യാത്രക്കൊരുങ്ങുന്നതിനിടയാണ് സംഭവം. ഇതിന്റെ ഭാഗമായി മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്ത് ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. മരണപ്പെട്ട സൂരജ് ആരോഗ്യ  മന്ത്രാലയത്തിലെ ജാബർ ആശുപത്രിയിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം