
റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാനിലെ ബെയിഷ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം12 ന് മരിച്ച മലപ്പുറം പറപ്പൂർ ചീനിപ്പടി ഇരിങ്ങല്ലൂർ പുളിക്കൽ വീട്ടിൽ ബൈജു പുളിക്കലിെൻറ (41) മൃതദേഹം നാട്ടിലെത്തിച്ചു. സൗദി എയർലൈൻസ് വിമാനത്തിൽ ജിസാനിൽ നിന്ന് റിയാദ് വഴി കോഴിക്കോട്ടെത്തിച്ച മൃതദേഹത്തെ ബൈജുവിൻറെ ജ്യേഷ്‌ഠ സഹോരൻ ലൈജു, സഹോദരി ഭർത്താവ് ദേവാനന്ദൻ എന്നിവർ അനുഗമിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഉച്ചയോടെ പൊന്നാനി ശാന്തിതീരം ശ്‌മശാനത്തിൽ സംസ്‌കരിച്ചു.
ജിസാനിലെ 'ജല' പ്രവർത്തകരായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, ഡോ. ജോ വർഗീസ്, ഹനീഫ മൂന്നിയൂർ, അൽഅമീൻ എന്നിവരും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് ബൈജുവിന്റെ മൃതദേഹം നാട്ടിലയക്കാൻ ആവശ്യമായ സഹായങ്ങൾ നൽകിയത്. ബൈജുവിൻറെ സഹോദരി ഭർത്താവ് ദേവാനന്ദനെ നിയമനടപടികൾക്കായി ബന്ധുക്കൾ മുക്ത്യാർ പത്രം മുഖേന ചുമതലപ്പെടുത്തിയിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിൻറെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബെയിഷ് ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ജിസാൻ ബെയിഷിൽ ഫോർ ഫോൾഡ് മെയിൻറെനൻസ് ആൻറ് ഫിനിഷിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബൈജു. 15 വർഷമായി ബെയിഷിൽ ജോലിചെയ്‌തിരുന്ന ബൈജുവിന് കമ്പനിയുടെ നിയമ പ്രശ്‌നങ്ങൾ മൂലം മൂന്നു വർഷത്തോളമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇക്കാലയളവിൽ ഭാര്യയും മകനും സന്ദർശക വിസയിൽ ജിസാനിലെത്തി ഒരു വർഷത്തോളം ബൈജുവിനൊപ്പം താമസിച്ചിരുന്നു. ബൈജുവിൻറെ ജ്യേഷ്‌ഠ സഹോരൻ ലൈജു, സഹോദരി ഭർത്താവ് ദേവാനന്ദൻ, അനുജൻ പ്രജീഷ്, ഭാര്യാ സഹോദരൻ രഞ്ജിത്ത് എന്നിവരും അടുത്ത ബന്ധുക്കളും ബെയിഷിൽ ജോലിചെയ്യുന്നുണ്ട്. അറുമുഖൻറെയും തങ്കയുടെയും മകനായ ബൈജു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. രഞ്ജികയാണ് ഭാര്യ. മകൻ അനഞ്ജയ് നാട്ടിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam