സൗദി അറേബ്യയില്‍ അഴുകിയ നിലയില്‍ കാണപ്പെട്ട മൃതദേഹം മലയാളിയുടേതെന്ന് തിരിച്ചറിഞ്ഞു

By Web TeamFirst Published Dec 20, 2020, 2:15 PM IST
Highlights

മലയാളിയാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ജവാസാത്തുമായി ബന്ധപ്പെട്ട് പാസ്‍പോര്‍ട്ട് നമ്പര്‍ ശേഖരിക്കുകയും ഈ നമ്പര്‍ ഉപയോഗിച്ച് എംബസിയില്‍ നിന്ന് നാട്ടിലെ വിലാസം കണ്ടെത്തുകയുമായിരുന്നു. 

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊല്ലം പുനലൂര്‍ സ്വദേശി നവാസ് ജമാല്‍ (48) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചത്. 

മരണപ്പെട്ടയാളുടെ ഇഖാമ പരിശോധിച്ചതില്‍ നിന്ന് ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയതോടെ ദമ്മാം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ മേധാവി, സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തെ ബന്ധപ്പെടുകയായിരുന്നു. മലയാളിയാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ജവാസാത്തുമായി ബന്ധപ്പെട്ട് പാസ്‍പോര്‍ട്ട് നമ്പര്‍ ശേഖരിക്കുകയും ഈ നമ്പര്‍ ഉപയോഗിച്ച് എംബസിയില്‍ നിന്ന് നാട്ടിലെ വിലാസം കണ്ടെത്തുകയുമായിരുന്നു. ഫോട്ടോ കൂടി ശേഖരിച്ച് പുനലൂര്‍ പൊലീസുമായും മറ്റും ബന്ധപ്പെട്ടെങ്കിലും വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.

നാട്ടില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും നാട്ടിലെ പ്രമുഖരുമായി ബന്ധപ്പെടുകയും ചെയ്‍തു. ഇതിനിടെയാണ് നാട്ടില്‍ നിന്ന് പഞ്ചായത്ത് മെമ്പര്‍ വിനയനും റിയാദില്‍ നിന്ന് ഷാജഹാന്‍ എന്ന നാട്ടുകാരനും നാസ് വക്കത്തെ ബന്ധപ്പെട്ടത്. തുടര്‍ന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വീട്ടുകാരുടെ തീരുമാനമനുസരിച്ച് മൃതദേഹം സംസ്‍കരിക്കുമെന്ന് നാസ് വക്കം പറഞ്ഞു.

click me!