സൗദിയിൽ അക്കൗണ്ടിങ് തട്ടിപ്പ് നടത്തിയാൽ അഞ്ചുവർഷം തടവും 20 ലക്ഷം റിയാൽ പിഴയും

By Web TeamFirst Published Dec 20, 2020, 1:06 PM IST
Highlights

തെറ്റായ കണക്കുകള്‍ ഉള്‍പ്പെടുത്തി കൃത്രിമ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, ഇത്തരം റിപ്പോർട്ടുകളില്‍ ഒപ്പുവെക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവും 20 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും വിധമാണ് നിയമ പരിഷ്കാരം.

റിയാദ്: സൗദി അറേബ്യയിൽ അക്കൗണ്ടിങ്ങിൽ തട്ടിപ്പ് നടത്തിയാൽ അഞ്ചുവർഷം തടവും 20 ലക്ഷം റിയാൽ പിഴയും ലഭിക്കും വിധം നിയമം പരിഷ്‌കരിച്ചു. നിലവിലെ നിയമത്തിൽ മുന്നറിയിപ്പ് നൽകുക, സസ്പെൻഷൻ അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുക എന്നിവയായിരുന്നു ജുഡീഷ്യൽ നടപടിക്ക് മുമ്പുള്ള നടപടി. അതിനുള്ള കാലാവധി ആറ് മാസം വരെയായിരുന്നു. അത് ഒരു വർഷമായി ദീർഘിപ്പിക്കും. 

തെറ്റായ കണക്കുകള്‍ ഉള്‍പ്പെടുത്തി കൃത്രിമ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, ഇത്തരം റിപ്പോർട്ടുകളില്‍ ഒപ്പുവെക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവും 20 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും വിധമാണ് നിയമ പരിഷ്കാരം. സൗദിയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരായി പ്രവർത്തിക്കുന്നവർക്കും മറ്റ് അക്കൗണ്ടന്റുമാർക്കും ഈ നിയമം ബാധകമാകും. അക്കൗണ്ടിങ് മേഖലയിലെ കൃത്രിമങ്ങള്‍ തടയുന്നതിന് പുതിയ നിയമം സഹായകരമാകുമെന്ന് സൗദി സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻറ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ. അഹമ്മദ് അൽമഗാമിസ് പറഞ്ഞു.

click me!