
മനാമ: മലയാളിയായ പ്രവാസിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബഹ്റൈന്‍ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് കോഴിക്കോട് താമരശേരി സ്വദേശി അബ്‍ദുല്‍ നഹാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 41കാരനായ സുഡാനി പൗരനെ പിന്നീട് പൊലീസ് പിടികൂടി.
കൈകള്‍ കെട്ടിയ നിലയിലും തലക്ക് പരിക്കേറ്റ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. ഇലക്ട്രിക് കേബിളുകള്‍ കൊണ്ട് ബന്ധിച്ച ശേഷം കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുവെന്ന് പ്രതി വിചാരണയ്ക്കിടെ സമ്മതിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിനായി മൃതദേഹത്തില്‍ മുളകുപൊടിയും എണ്ണയും ഉള്‍പ്പെടെയുള്ളവ വിതറി. കേസ് അന്വേഷണം വഴിതെറ്റിക്കുന്നതിനായി മുറിയുടെ ചുവരില്‍ ചില മുദ്രാവാക്യങ്ങള്‍ എഴുതിവെയ്ക്കുകയും ചെയ്തു.
നഹാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് രാത്രി ഒന്‍പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി മുറി അലങ്കോലമാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാല്‍ പരമാവധി ശിക്ഷ നല്‍കുകയാണെന്ന് കോടതി വിധിയില്‍ പറയുന്നു. വധശിക്ഷക്ക് പുറമെ മോഷണക്കുറ്റത്തിന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇത് അനുഭവിച്ച ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam