റിയാദിലെ ഹാരയിൽ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇവരുടെ മകൻ സമീപത്തെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് വിവരം. സൗദി പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

റിയാദ്: കഴിഞ്ഞ മാസം റിയാദിലെ ഹാരയിലുണ്ടായ ദാരുണമായ സംഭവത്തിൽ കൊല്ലപ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ പ്രഭാകർ ഗാലി രവി (55), ഭാര്യ ശ്രീദേവി (54) എന്നിവരുടെ മൃതദേഹങ്ങളാണ് നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച അയക്കുന്നത്.

റിയാദിൽ നിന്ന് പുലർച്ചെ ഒന്നിന് പുറപ്പെടുന്ന ഫ്ലൈനാസ് വിമാനത്തിൽ ഹൈദരാബാദിലേക്കാണ് ഇവ കൊണ്ടുപോകുന്നത്. ഇതൊടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ഇവരുടെ ഏക മകൻ ഇസ്ര ആകുലസി(15)െൻറ മൃതദേഹം നാളെ (വെള്ളിയാഴ്ച) രാത്രിയിലുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. ഫെബ്രുവരി 26-ന് രാത്രിയിലാണ് റിയാദിലെ ഹാരയിലുള്ള താമസസ്ഥലത്ത് പ്രഭാകറിനെയും ശ്രീദേവിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇതിനു പിന്നാലെ സമീപത്തെ മറ്റൊരു ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മകൻ ഇസ്ര ആകുലസ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സൗദി പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു പ്രഭാകർ ഗാലി രവി.

ഭാര്യ ശ്രീദേവി നഗരത്തിലെ ഇന്ത്യൻ സ്കൂളിലെ അധ്യാപികയായിരുന്നു. ഇതേ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മകൻ ഇസ്ര. ദീർഘകാലമായി ഹാരയിൽ താമസിച്ചിരുന്ന ഈ കുടുംബം തെലുങ്ക് പ്രവാസി കൂട്ടായ്മകളിൽ ഏറെ സജീവമായിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുസമ്മിൽ, ബിനു എന്നിവർ നേതൃത്വം നൽകി.