ഭീകരപ്രവര്‍ത്തനം; സൗദിയില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ വിധിച്ചു

By Web TeamFirst Published Sep 28, 2019, 10:20 AM IST
Highlights

രണ്ട് പൊലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയതടക്കമുള്ള സംഭവങ്ങളില്‍ രണ്ട് സ്വദേശി പൗരന്മാര്‍ക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. സംഘത്തിലുള്ള മറ്റ് 12 പേര്‍ക്ക് വിവിധ കാലയളവുകള്‍ ജയില്‍ ശിക്ഷയും വിധിച്ചു.

റിയാദ്: ഭീകരപ്രവര്‍ത്തനം നടത്തിയതിന് അറസ്റ്റിലായ രണ്ട് പ്രതികള്‍ക്ക് സൗദി പ്രത്യേക കോടതി ശിക്ഷ വിധിച്ചു. പതിനാലംഗ സംഘത്തിലെ രണ്ട് പേര്‍ക്കാണ് വധശിക്ഷ. മറ്റുള്ളവര്‍ക്ക് 15 വര്‍ഷം വരെ വിവിധ കാലയളവുകള്‍ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. സംഘത്തിലെ 12 പേര്‍ സ്വദേശികളും ഒരാള്‍ സിറിയന്‍ പൗരനും മറ്റൊരാള്‍ സുഡാനിയുമാണ്.

രണ്ട് പൊലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് രണ്ട് പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. ഇരുവരും സ്വദേശികളാണ്. സംഘത്തിലെ വിദേശികളെ ജയില്‍ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും. 2015ലാണ് രണ്ട് പൊലീസുകാരെ പ്രതികള്‍ വെടിവെച്ചുകൊന്നത്. ഇതടക്കമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പ്രതികള്‍ പങ്കെടുത്തിരുന്നുവെന്ന് വിചാരണയില്‍ തെളിഞ്ഞു. രണ്ട് പ്രതികള്‍ക്ക് വധശിക്ഷയും മറ്റള്ളവര്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷയും നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. നേരത്തെ വിചാരണ പൂര്‍ത്തിയായ കേസ്, ശിക്ഷ വിധിക്കാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.

ഒരു സ്വദേശി യുവാവിന്റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. 2015 ഏപ്രില്‍ എട്ടിന് കിഴക്കന്‍ റിയാദില്‍ വെച്ച് യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി പ്രതികള്‍ പൊലീസ് പട്രോള്‍ വാഹനം ആക്രമിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ വെടിവെച്ചുകൊന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെയും ആഭ്യന്തര മന്ത്രാലയത്തിലെ മറ്റൊരു ഉദ്യോഗസ്ഥനെയും പിന്നീട് വധിക്കാന്‍ ശ്രമിച്ചു. ഒരു ചെക് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിച്ച് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.പല സ്ഥങ്ങളിലും വിനോദസഞ്ചാരികള്‍ക്ക് നേരെയും ആക്രമണം നടത്തി.

സൗദി ഭരണാധികാരികളും പണ്ഡിതന്മാരും സൈനികരും അവിശ്വാസികളാണെന്ന് ആരോപിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ബോംബ് നിര്‍മാണം, പെട്രോള്‍ ബോംബുകള്‍ കൈവശം വയ്ക്കല്‍, രാജ്യത്തിനകത്തും പുറത്തുമുള്ള ഐ.എസ് ഭീകരരുമായി ആശയവിനിമയം നടത്തല്‍, മദ്യം-മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

click me!