ചരിത്രപരമായ തീരുമാനവുമായി സൗദി അറേബ്യ; ഇനി മുതല്‍ ടൂറിസ്റ്റ് വിസയും അനുവദിക്കും

By Web TeamFirst Published Sep 27, 2019, 4:03 PM IST
Highlights

സൗദി അറേബ്യയുടെ വാതിലുകള്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നുന്നത് ചരിത്രപരമായ തീരുമാനമാണെന്ന് ടൂറിസം വകുപ്പ് മേധാവി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു.

റിയാദ്: ചരിത്രപരമായ തീരുമാനവുമായി സൗദി അറേബ്യ. 49 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. എണ്ണ ഇതര വരുമാനം ഉറപ്പാക്കുന്നതിനായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷ്കരിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനമായത്. 28 മുതല്‍ വിസ അനുവദിക്കും. 

സൗദി അറേബ്യയുടെ വാതിലുകള്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ തുറക്കുന്നത് ചരിത്രപരമായ തീരുമാനമാണെന്ന് ടൂറിസം വകുപ്പ് മേധാവി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള അഞ്ച് സ്ഥലങ്ങളടക്കം സൗദിയുടെ എല്ലാ പ്രത്യേകതകളും വിനോദ സ‌‌ഞ്ചാരികള്‍ക്ക് ആസ്വദിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന്‍റെ ഭാഗമായി വിദേശ വനിതകളുടെ വസ്ത്രധാരണത്ത നയത്തിലും ഇളവ് വരുത്തി. പൊതു ഇടത്തില്‍ വിദേശവനിതകള്‍ ശിരോവസ്ത്രം ധരിക്കേണ്ടതില്ലെന്നും അതേസമയം, ശരീരഭാഗങ്ങള്‍ പുറത്തുകാണാത്ത മാന്യമായ വസ്ത്രം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ തൊഴില്‍ വിസക്കാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും മാത്രമാണ് സൗദി സന്ദര്‍ശനം അനുവദിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം കായിക, സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കാനായി താല്‍ക്കാലിക വിസ അനുവദിച്ചിരുന്നു. 

click me!