വിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല; സഭാ തർക്കത്തിൽ നിലപാട് പ്രഖ്യാപിച്ച് യാക്കോബായ സഭ

By Web TeamFirst Published Nov 23, 2019, 12:15 AM IST
Highlights

കേരള സര്‍ക്കാരിന്‍റെയും മറ്റ് ക്രൈസ്തവ സഭകളുടെയും മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കുവാനും സുന്നഹദോസ് തീരുമാനിച്ചു

മസ്കറ്റ്: സഭാ തർക്കത്തിൽ നിലപാട് പ്രഖ്യാപിച്ച് യാക്കോബായ സഭയുടെ മസ്കറ്റ് സുന്നഹദോസ്. വിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ സഭ പള്ളിയുടെയും സ്വത്തുക്കളുടെയും കാര്യത്തില്‍  ചർച്ച ചെയ്തു തീരുമാനം ഉണ്ടാക്കാമെന്നും വിശദമാക്കി. പക്ഷേ വിശ്വാസപരമായ കാര്യങ്ങളില്‍ യാത്തൊരു വിട്ടു വീഴ്ചക്കും സഭ തയ്യാറാകില്ലെന്നും യാക്കോബായ  സഭാ  സുന്നഹദോസ് വ്യക്തമാക്കി.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കിസ് ബാവായുടെ അധ്യക്ഷതയില്‍ മസ്കറ്റിൽ നടന്ന സുന്നഹദോസിലാണ് തീരുമാനം. കേരളത്തില്‍ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി അഞ്ചു പേരടങ്ങുന്ന അഡ്വൈസറി കമ്മറ്റിക്കും രൂപം നല്‍കി. മെത്രാപ്പോലീത്തൻ  ട്രസ്റ്റി മാർ   ഗ്രിഗോറിയോസ് ജോസഫ് ആണ് കമ്മറ്റിയുടെ അധ്യക്ഷൻ.

സുപ്രിം കോടതി വിധിയിലൂടെ സ്വന്തം ദേവാലയങ്ങള്‍ നഷ്ടപെടുന്ന സാഹചര്യത്തിലും കോടതി വിധിയെ ബഹുമാനിക്കുന്നു. ഇരു വിഭാഗങ്ങളെയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുവാന്‍ പരിശുദ്ധ പാത്രിയര്കിസ് ബാവ   പല ശ്രമങ്ങളും ചെയ്തിരുന്നുവെന്നും ഇനിയും പരിശുദ്ധ ബാവ  തുടരുമെന്നും വാർത്ത സമ്മേളനത്തിൽ മെത്രാപ്പോലീത്തന്‍ ട്രസ്റ്റീ  അറിയിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗം പരിശുദ്ധ പിതാവിന്‍റെ  ശ്രമങ്ങളില്‍ സഹകരിച്ചില്ലന്നും ആരോപിച്ചു.

കേരള സര്‍ക്കാരിന്‍റെയും മറ്റ് ക്രൈസ്തവ സഭകളുടെയും മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കുവാനും സുന്നഹദോസ് തീരുമാനിച്ചു. പരിശുദ്ധ ബാവയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചു സുന്നഹദോസില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ആറുപേരും കേരളത്തില്‍ നിന്ന് മുപ്പത്തിയൊന്ന് മെത്രാപ്പോലീത്തമാരും പങ്കെടുത്തു. ഗള്‍ഫു മേഖലയില്‍ ആദ്യമായിട്ടാണ് ഇതുപോലെ ഒരു  സുന്നഹദോസു കൂടിയത്.
"

click me!