
മസ്കറ്റ്: ഒമാനില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളെ സീബില്‍ കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ കൊതുക് നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിതിന് പിന്നാലെ ആരോഗ്യ മന്ത്രാലയം നടത്തിയ ഫീല്‍ഡ് സര്‍വേയിലാണ് ഈഡിസ് ഈജിപ്തി കൊതുകുകളെ കണ്ടെത്തിയത്. ഡെങ്കിപ്പനിക്ക് പുറമെ പീതജ്വരം, സിക എന്നിവയും മറ്റ് വൈറസ്ജന്യ രോഗങ്ങളും ഇത്തരം കൊതുകുകള്‍ പടര്‍ത്തുമെന്നും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ അധികൃതരുമായി സഹകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. കൊതുകുകളെ തുരത്തുന്നതിനും കൊതുജന്യ രോഗങ്ങള്‍ തടയുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും കൊതുക് കടിയേല്‍ക്കാതിരിക്കാനുള്ള ഓയിന്റ്മെന്റുകള്‍ പോലുള്ളവ ഉപയോഗിക്കുകയും വേണം. നീന്തല്‍കുളങ്ങള്‍ പോലുള്ള വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ അഞ്ച് ദിവസം കൂടുമ്പോള്‍ വെള്ളം മാറ്റണം. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള ടയറുകളും കുപ്പികളും പോലുള്ള വസ്തുക്കള്‍ നശിപ്പിക്കണമെന്നും അറിയിപ്പ് നല്‍കി. ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് പരക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam