ആശ്രിത ലെവി പിന്‍വലിക്കില്ല; ലക്ഷ്യം വിദേശികളുടെ എണ്ണം നിയന്ത്രിക്കുകയെന്ന് സൗദി

By Web TeamFirst Published Oct 4, 2020, 12:27 PM IST
Highlights

വിദേശികളുടെ ലെവി റദ്ദാക്കുന്നതാവില്ലേ ഉചിതമെന്ന ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു അല്‍ ഫരീഹിന്റെ പ്രതികരണം. വിദേശികളുടെ കുട്ടികളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യത്തിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് ആശ്രിത ലെവി നടപ്പാക്കിയത്. 

റിയാദ്: രാജ്യത്ത് വിദേശികളുടെ എണ്ണം കുറയ്ക്കുകയാണ് ആശ്രിത ലെവിയിലൂടെ ലക്ഷ്യമിടുന്നതെന്നും അത് പിന്‍വലിക്കില്ലെന്നും സൗദി അധികൃതര്‍. ധനകാര്യ മന്ത്രാലയത്തിലെ സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷന്‍ അബ്‍ദുല്‍ അസീസ് അല്‍ ഫരീഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശികളുടെ ലെവി റദ്ദാക്കുന്നതാവില്ലേ ഉചിതമെന്ന ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു അല്‍ ഫരീഹിന്റെ പ്രതികരണം. വിദേശികളുടെ കുട്ടികളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യത്തിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് ആശ്രിത ലെവി നടപ്പാക്കിയത്. രാജ്യത്ത് ആവശ്യമില്ലാത്ത വിദേശികളുടെ എണ്ണം കുറയ്ക്കുക, സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ലെവി ഏര്‍പ്പെടുത്തിയതോടെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2017 ജൂലൈ മുതലാണ് സൗദി അറേബ്യയില്‍ ആശ്രത ലെവി നടപ്പാക്കി തുടങ്ങിയത്. രാജ്യത്ത് താമസിക്കുന്ന ആശ്രിതര്‍ക്ക് ഓരോരുത്തര്‍ക്കും പ്രതിമാസം 100 റിയാല്‍ വീതമായിരുന്നു ലെവി ഏര്‍പ്പെടുത്തിയത്. തൊട്ടടുത്ത വര്‍ഷം ഇത് 200 റിയാലായും 2019ല്‍ 300 റിയാലായും കൂട്ടി. 2020 ജൂലൈ മുതല്‍ 400 റിയാലാണ് ലെവി.

click me!