
കോഴിക്കോട്: മലബാറിലെ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ സൗദി എയർലൈൻസിന് അനുമതി ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി തേടി സൗദി എയർലൈൻസ് സമർപ്പിച്ച അപേക്ഷ വിമാനത്താവള അതോറിറ്റി സിവില്‍ വ്യോമയാന ഡയറക്ടറേറ്റിന് കൈമാറിയിരുന്നു. ഇതിലാണ് ഇപ്പോള്‍ അനുമതി ലഭിച്ചതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ അധികൃതര്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു. എയര്‍ഇന്ത്യ സംഘവും റണ്‍വേയുടെ കാര്യത്തില്‍ നൂറ് ശതമാനം തൃപ്തി അറിയിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതനുസരിച്ച് ഒക്ടോബര്‍ മാസം മുതല്‍ എയര്‍ ഇന്ത്യയും ഇവിടെ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് തുടങ്ങുമെന്ന പ്രതീക്ഷയും കുഞ്ഞാലിക്കുട്ടി പങ്കുവെച്ചു.
2015ലാണ് എയര്‍ ഇന്ത്യ കോഴിക്കോട് നിന്നുള്ള ജിദ്ദ സര്‍വ്വീസ് റദ്ദാക്കിയത്. വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ കഴിയുന്ന തരത്തില്‍ വിമാനത്താവളത്തിലെ റൺവേ നവീകരണ ജോലികളെല്ലാം പൂർത്തിയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam